ജില്ലാ ആസ്ഥാന നഗരിയിൽ പോരാട്ടം കനത്തു കോട്ട പൊളിക്കാൻ എൽ.ഡി.എഫ്; പ്രതിരോധം ശക്തമാക്കി യു.ഡി.എഫ്
മലപ്പുറം: തദ്ദേശ വോട്ട് പെട്ടിയിൽ വീഴാൻ ഇനി ഏഴുനാൾ മാത്രം ശേഷിക്കേ ജില്ലാ ആസ്ഥാന നഗരി കൂടി ഉൾപ്പെടുന്ന മലപ്പുറം നഗരസഭയിൽ പോരാട്ടം കനപ്പിച്ചിട്ടുണ്ട് മുന്നണികൾ. കോട്ട കാക്കാൻ യു.ഡി.എഫും പൊളിക്കാൻ എൽ.ഡി.എഫും തുനിഞ്ഞിറങ്ങിയിട്ടുണ്ട്. മലപ്പുറം നഗരസഭ രൂപീകൃതമായിട്ട് 55 വർഷം പിന്നിട്ടെങ്കിലും ഇതിൽ രണ്ട് വർഷം മാത്രമാണ് ഇടതിന് ഭരിക്കാൻ അവസരം ലഭിച്ചത്. 1995ലെ ഈ നേട്ടം ആവർത്തിക്കുകയാണ് ഇടതിന്റെ ലക്ഷ്യം. യു.ഡി.എഫ് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും എൽ.ഡി.എഫിന്റെ ശക്തി ഒട്ടും കുറവല്ല നഗരസഭയിൽ. 2020ലെ 40 വാർഡുകളിൽ എൽ.ഡി.എഫിന് 15 കൗൺസിലർമാരുണ്ട്. യു.ഡി.എഫിന് 25ഉം. ഇത്തവണ 45 വാർഡുകളായി ഉയർന്നിട്ടുണ്ട്. ഇതിൽ 42 എണ്ണത്തിൽ സി.പി.എമ്മും മൂന്നെണ്ണത്തിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ നിലവിലെ കൗൺസിലർമാരിൽ മൂന്നുപേർ വീണ്ടും മത്സരിക്കുമ്പോൾ തീർത്തും പുതുമുഖങ്ങളെ അവതരിപ്പിച്ചാണ് എൽ.ഡി.എഫ് പോർ മുഖം ശക്തമാക്കിയിട്ടുള്ളത്.
മൂന്നിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് യു.ഡി.എഫ് തന്നെ വിലയിരുത്തുന്നുണ്ട്. കള്ളാടിമുക്ക് (വാർഡ് 4), കൈനോട് (വാർഡ് 32) , ഇത്തിൾപ്പറമ്പ് (വാർഡ് 30) എന്നിവ പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും സ്ഥാനാർത്ഥികളുടെ മികവും തുണയ്ക്കുന്നതോടെ കൗൺസിലർമാരുടെ എണ്ണം 20ന് പുറത്തേക്ക് നീളുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
40 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. വാർഡുകൾ സി.പി.എമ്മിൽ നിന്ന് പിടിച്ചെടുക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണവും യു.ഡി.എഫ് നടത്തുന്നുണ്ട്. മുന്നണി വോട്ടുകൾക്ക് അപ്പുറമുള്ളവ തുണച്ചാൽ മാത്രം വിജയസാദ്ധ്യത കാണുന്ന വാർഡുകളിലാണ് യു.ഡി.എഫിന്റെ ഈ തന്ത്രം. 19ാം വാർഡായ കോട്ടപ്പടിയിലും 33ാം വാർഡായ മുതുവത്തുപറമ്പിലും സ്വതന്ത്രരെ രംഗത്തിറക്കിയിട്ടുണ്ട്. എൻ.ഡി.എ ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന വാർഡ് കൂടിയാണ് കോട്ടപ്പടി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ചെറാട്ടുകുഴിയിലും വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്
ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയ യു.ഡി.എഫ് കഴിഞ്ഞ ദിവസം രണ്ടാംഘട്ടത്തിന് തുടക്കമിട്ടിട്ടുണ്ട്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ യു.ഡി.എഫിന്റെ മുൻനിര നേതാക്കൾ വോട്ട് തേടി നഗരസഭയിൽ പ്രചാരണത്തിന് എത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ പദവി ലീഗിനും വൈസ് ചെയർമാൻ പദവി കോൺഗ്രസിനും നൽകുന്ന പതിവാണ് മലപ്പുറത്ത് കാലങ്ങളായി തുടരുന്നത്. 45 വാർഡുകളിൽ 31 സീറ്റുകളിൽ ലീഗും 12 സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥി പരിവേഷത്തിൽ വെൽഫെയറിനും സീറ്റുണ്ട്.