'പതിനഞ്ചുകാരിയെ വായിൽ തുണി തിരുകി നിങ്ങൾ ബലാത്സംഗം ചെയ്തു'; മദ്രസ അദ്ധ്യാപകനെ തല്ലിച്ചതച്ച് യുവതി

Friday 05 December 2025 7:10 AM IST

അമേഠി: മദ്രസ അദ്ധ്യാപകനെ ചാട്ട കൊണ്ടടിച്ച് യുവതി. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുവതി അദ്ധ്യാപകനെ തല്ലിച്ചത്. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം.

മദ്രസ അദ്ധ്യാപകനായ ഹസീബിനെയാണ് യുവതി തല്ലിയത്. അടികൊണ്ടതോടെ കൈകൾ കൂപ്പി തന്നെ തല്ലരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ 11 തവണയാണ് യുവതി മദ്രസ അദ്ധ്യാപകനെ ചാട്ട കൊണ്ട് അടിച്ചത്.

യുവതി അദ്ധ്യാപകനെ അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. '15 വയസുള്ള ഒരു പെൺകുട്ടിയെ നിങ്ങൾ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു. എന്റെ പക്കൽ തെളിവുണ്ട്. നിങ്ങളുടെ കുറ്റം ഏറ്റുപറയുക, അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും'- എന്നും യുവതി പറയുന്നു.

ഹസീബ് യുവതിയുടെ ആരോപണം നിഷേധിച്ചു, 'ഒരു തെറ്റുംചെയ്യാത്ത എന്നെ നിങ്ങൾ തല്ലുകയാണ്. ഞാൻ തെറ്റുകാരനല്ല, ഓ അള്ളാ' എന്ന് കരഞ്ഞുകൊണ്ട് പറയുന്നു. യുവതിക്കൊപ്പമെത്തിയ മറ്റൊരു സ്ത്രീയാണ് വീഡിയോ പകർത്തിയത്. ജാമോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.