സർക്കാർ പദവിയിലിരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായി; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി

Friday 05 December 2025 10:07 AM IST

തിരുവനന്തപുരം: ഇരട്ടപദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹർജി. ബി അശോക് ഐഎഎസ് ആണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഐഎംജി ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്) ഡയറക്‌ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ, ഇരട്ടപദവി ഇല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നുമാണ് കെ ജയകുമാർ പറയുന്നത്. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും ഐഎംജി ഡയറക്‌ടർ പദവിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി. പകരക്കാരൻ വരുന്നതോടെ ഐഎംജി ഡയറക്‌ടർ ചുമതല ഒഴിയും. ഒരേ സമയം രണ്ട് പ്രതിഫലം പറ്റുന്നില്ലെന്നും കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജയകുമാറിന്റെ നിയമനം ചട്ടലംഘനം തന്നെയെന്നാണ് ബി അശോക് ഐഎഎസിന്റെ പ്രതികരണം. ഐഎംജി പദവി ഒഴിഞ്ഞശേഷം വേണമായിരുന്നു ചുമതല ഏറ്റെടുക്കാൻ. ജയകുമാറിന്റെ ഐഎംജി ഡയറക്‌ടർ നിയമനവും ചട്ടലംഘനമാണെന്ന് ബി അശോക് പറഞ്ഞു.