ഒരെണ്ണത്തിൽ നിന്ന് മൂവായിരം രൂപയിലധികം ലഭിക്കും ; ആർക്കും വേണ്ടാതെ പറമ്പിൽ വീണുകിടക്കുന്ന സാധനത്തിന് ഇന്ന് ആവശ്യക്കാരേറെ
കാളികാവ്: ആർക്കും വേണ്ടാതെ പറമ്പുകളിലും നാട്ടുവഴികളിലും ചിതറിക്കിടന്നിരുന്ന പനങ്കുരുവിന് വിപണിയിൽ നല്ല കാലം തെളിയുകയാണ്. പനകളിൽ നിന്ന് കള്ളുചെത്ത് കുറഞ്ഞതോടെ പനയും ആർക്കും വേണ്ടാതെ വന്ന സാഹചര്യത്തിൽ. ഇപ്പോഴിതാ പനങ്കുരുവിന് വിപണി തുറന്ന് കിട്ടിയിരിക്കുന്നു.
പച്ചക്കുരുവിന് കിലോയ്ക്ക് 15-20രൂപയും ഉണങ്ങിയത് ഒന്നാംതരത്തിന് 75-80 പരിപ്പിന് 60 രൂപയുമാണ് കർഷകന് ലഭിക്കുന്നത്. പനങ്കുരുവിന് പൊതുവിപണിയില്ലാത്തതിനാൽ ഏജന്റുമാരാണ് വില നിശ്ചയിക്കുന്നത്.കർഷകരിൽ നിന്ന് പന പാട്ടത്തിനെടുത്ത് കുല വെട്ടിയെടുത്ത് കയറ്റി കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഒരു പനയിൽ എട്ടും പത്തും കുലകളുണ്ടാവും.
ഒരു പനങ്കുലയ്ക്ക് 250 മുതൽ 300 കിലോ വരെ തൂക്കമുണ്ടാകും. ഒരു കുലയിൽ നിന്ന് കുറഞ്ഞത് അമ്പത് കിലോ ലഭിക്കും. കിലോക്ക് 60 രൂപ കിട്ടിയാൽപ്പോലും ഒരു കുലയിൽനിന്ന് 3000 രൂപയെങ്കിലും ലഭിക്കാനിടയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി പനങ്കുരു പാകമാകുന്നത്. സീസൺ കാലത്ത് ആദിവാസികളുടെ പ്രധാന വരുമാന മാർഗ്ഗമാണ് പനങ്കുരു.
താഴെ വീഴുന്ന പനങ്കുരു പെറുക്കിയെടുത്ത് മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിലാണ് വിൽപ്പന നടത്തുന്നത്. മലയോര മേഖലയിൽ മിക്ക മലഞ്ചരക്ക് കടകളിലും പനങ്കുരു എടുക്കുന്നുണ്ട് പനയുടെ പട്ട ആനത്തീറ്റയായും തടി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനാൽ പന മുറിച്ചു മാറ്റുന്ന പ്രവണത ഏറിവരികയാണ്. കർണ്ണാടക,രാജസ്ഥാൻ,ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും പനങ്കുരു കയറ്റിപ്പോകുന്നത്. മലഞ്ചരക്ക് വ്യാപാരികളാണ് പനങ്കുരു വിപണിയും സജീവമാക്കുന്നത്. അടക്ക വ്യാപാര കേന്ദ്രങ്ങളായ കേച്ചേരി, കുന്നംകുളം, പഴഞ്ഞി, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. പെയിന്റ്, പശനിർമാണം, പാൻമസാലകൾ, സുഗന്ധമുറുക്ക് എന്നിവയ്ക്കാണ് പ്രധാനമായും പനങ്കുരു ഉപയോഗിക്കുന്നത്.