'സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ഹർജി, അതിന് സർക്കാർ കൃത്യമായ മറുപടി നൽകും'

Friday 05 December 2025 10:53 AM IST

തിരുവനന്തപുരം: സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന ഹർജിയിൽ പ്രതികരണവുമായി കെ ജയകുമാർ. ഇരട്ട പദവി ഇല്ലെന്നും ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.

'സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ഹർജി. അതിന് സർക്കാർ കൃത്യമായ മറുപടി നൽകും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഞാൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരിക്കുന്നു. ഐഎംജിയിൽ ഞാൻ തുടരുന്നുവെന്നത് ശരിയാണ്. പക്ഷേ ശമ്പളം ഒരിടത്തുനിന്നേ വാങ്ങുന്നുള്ളൂ. ദേവസ്വം ബോർഡിൽ നിന്ന് വാങ്ങുന്നില്ല. ഐഎംജിയിൽ എനിക്ക് പകരമായി ഒരാളെ ഉടൻ പോസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ എന്നോട് പറഞ്ഞത്‌. തത്ക്കാലത്തേക്ക് ആ പദവിയിലിരിക്കുന്നെന്നേയുള്ളൂ. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സർക്കാരാണ് അതിന് മറുപടി പറയേണ്ടത്.'- അദ്ദേഹം പറഞ്ഞു.

ബി അശോക് ഐ എ എസ് ആണ് ജയകുമാറിനെതിരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഐഎംജി ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്) ഡയറക്‌ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.