രാഹുലിനെ സഹായിച്ചത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക,​ ആഡംബര വില്ലയിൽ താമസം; നേതാക്കൾക്കും പങ്ക്?

Friday 05 December 2025 11:24 AM IST

ബംഗളൂരു: ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നത് അത്യാഡംബര സൗകര്യത്തോടെയെന്ന് സൂചന. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് രാഹുലിനെ സഹായിക്കുന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗളൂരുവിലെ ആഡംബര വില്ലയിൽ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു ദിവസം താമസിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് പൊലീസ് എത്തിയെങ്കിലും മണിക്കൂറുകൾക്ക് മുന്നേ രാഹുൽ സഹായികൾ വഴി രക്ഷപ്പെട്ടിരുന്നു. പൊലീസ് നീക്കങ്ങൾ ആരെങ്കിലും ചോർത്തുന്നുവോയെന്ന സംശയവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു.

എന്നാൽ രാഹുലിന് കൃത്യമായ താവളങ്ങൾ ഒരുക്കുന്നതിനുപിന്നിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്, രാഹുലിന് രക്ഷപ്പെടാൻ കാർ എത്തിച്ചുനൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സുരക്ഷ ഒരുക്കിയവരെ പൊലീസ് നേരിൽ കണ്ട് ചോദ്യം ചെയ്തിട്ടുണ്ട്. രാഹുലിന് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അന്വേഷണ സംഘം ഇതിനോടകം തന്നെ അടച്ചുകഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ വേറെ വഴിയില്ലാതെ രാഹുൽ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ ഹാജരാകാനാണ് സാദ്ധ്യത.

മൊബൈലും വാഹനങ്ങളും പലതവണ മാറ്റിമാറ്റിയാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. ഇതാണ് അന്വേഷണ സംഘം നേരിടുന്ന ഒരു പ്രതിസന്ധി. പൊലീസ് വലയത്തിൽ നിന്ന് രക്ഷപ്പെട്ട രാഹുൽ യുവനടിയുടെ പോളോ കാറിൽ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. തുടർന്ന് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടിൽ ഒളിവിൽ കഴിഞ്ഞു.

കഴിഞ്ഞ ദിവസം രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനുപിന്നാലെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. കേസിന്റെ തുടക്കത്തിൽ രാഹുലിനെ പരോക്ഷത്തിൽ പിന്തുണച്ചവരെല്ലാം തള്ളിപ്പറയുകയാണ്. രാഹുലുമായി രാഷ്ട്രീയപരമായ സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്ന ഷാഫി പറമ്പിൽ എംപിയുടെ പ്രതികരണം തന്നെ ശ്രദ്ധേയമാണ്.