അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജ്യാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടലിനെതിരെ പരാതിനൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. രണ്ട് കോടതികളിലായി രാഹുൽ ഈശ്വർ ജാമ്യ ഹർജി നൽകിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സിജിഎം കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുക. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി ശനിയാഴ്‌ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയിൽ ഹർജി നൽകിയത്. അതിജീവിതയെ അപമാനിച്ച കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് രാഹുൽ കോടതിയിൽ ജാമ്യ ഹർജി നൽകിയത്. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. പൊലീസ് തനിക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ജയിലിൽ നിരാഹാര സമരം തുടരുകയാണ് രാഹുൽ ഈശ്വർ.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്.
കേസിൽ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ ജാമ്യ ഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ വാദം കേൾക്കേണ്ട ജഡ്ജി അവധിയിൽ പോയതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹർജി വരിക. അതിജീവിതയ്‌ക്ക് എതിരായ സൈബർ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.