ഇത് വീട്ടിലുണ്ടെങ്കിൽ സൂക്ഷിച്ചോളൂ, ഏതുനിമിഷവും പാമ്പ് എത്താം; നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

Friday 05 December 2025 12:00 PM IST

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കുന്ന നിരവധി പേരുണ്ട്. ചേരയെ പോലുള്ള ചില പാമ്പുകൾക്ക് വിഷമില്ല. എന്നാൽ ഒറ്റ കടിയിൽ ജീവനെടുക്കാൻ കഴിയുള്ളവരാണ് മൂർഖനും രാജവെമ്പാലയും അണലിയുമെല്ലാം.

പാമ്പുകളെ വീടുകളിൽ നിന്നും മുറ്റത്തുനിന്നുമൊക്കെ പിടികൂടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാമ്പ് കടിയേറ്റ് മരിച്ചവരും ഏറെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും എലിയേയും തവളയേയുമൊക്കെ വീട്ടിൽ നിന്ന് തുരത്തുകയും ചെയ്‌താൽ ഒരു പരിധിവരെ പാമ്പിനെ വീട്ടിൽ നിന്ന് അകറ്റാനാകും.

എന്നാൽ നമ്മൾ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത ചില സാധനങ്ങൾ പാമ്പിനെ വീട്ടുമുറ്റത്തേക്ക് ആകർഷിക്കും. അത്തരത്തിലൊരു സാധനമാണ് ഇംഗ്ലീഷ് ഐവി (ഹെഡെറ ഹെലിക്സ്) എന്നറിയപ്പെടുന്ന വള്ളിച്ചെടി. അലങ്കാര ചെടിയായ ഇത് മതിലുകളിലും മരങ്ങളിലും നിലത്തുമൊക്കെ പറ്റിപ്പിടിക്കുന്നു. ഇത് വളരെപ്പെട്ടെന്നുതന്നെ നിലം കാണാത്ത രീതിയിൽ പടർന്നുപന്തലിക്കുന്നു. കാണുമ്പോൾ വളരെ മനോഹരമായി തോന്നുകയും ചെയ്യും. മുറ്റം നിറയെ അല്ലെങ്കിൽ നിലം മൂടിക്കൊണ്ട് ഈ വള്ളിച്ചെടി വളരുന്നു.

ഇര തേടിയാണ് പാമ്പ് നമ്മുടെ വീട്ടിലേക്ക് വരുന്നത്. പാമ്പുകൾ വളരെ നാണംകുണുങ്ങികളാണ്. മനുഷ്യന്റെ കണ്ണിൽപ്പെടാതിരിക്കാനാണ് ഇവ പരമാവധി ശ്രമിക്കുന്നത്. അതിനാൽത്തന്നെ കരിയിലകൾക്കടിയിലും മറ്റുംആരും കാണാതിരിക്കാനാണ് ഇവയ്ക്ക് ഇഷ്ടം. അത്തരത്തിൽ പാമ്പിന് ഒളിക്കാൻ സാധിക്കുന്ന ഒരിടമാണ് ഇംഗ്ലീഷ് ഐവി. അതിനാൽത്തന്നെ പരമാവധി ഈ സസ്യം വീട്ടുപരിസരത്ത് നടാതിരിക്കുക. ഈ സസ്യത്തിന് മുകളിൽചവിട്ടുമ്പോൾ സൂക്ഷിക്കണം. പാമ്പ് കടിയേൽക്കാൻ സാദ്ധ്യതയുണ്ട്.

ഇടതൂർന്നതും തണലുള്ളതും തണുപ്പുള്ളതുമായ സാഹചര്യമായതിനാൽ പാമ്പുകൾക്ക് ഈ സസ്യം ഏറെ ഇഷ്ടമാണ്. ഇതുമാത്രമല്ല പാമ്പിനെ ഈ സസ്യത്തിലേക്ക് അടുപ്പിക്കുന്നത്. ഇംഗ്ലീഷ് ഐവിയുടെ വേരുകൾ തിന്നാനും മറ്റും എലികൾ ഇങ്ങോട്ട് വരാറുണ്ട്. ഇതിനെ പിടികൂടാനും കൂടിയാണ് പാമ്പ് എത്തുന്നത്.