'മൂന്നാം പിണറായി സർക്കാർ വരണമോയെന്ന് ജനങ്ങൾ തീരുമാനിക്കും, രാഹുലിനെ അവതരിപ്പിച്ചത് ഭാവിയിലെ നിക്ഷേപമായി'

Friday 05 December 2025 12:04 PM IST

കൊച്ചി: മൂന്നാം പിണറായി സർക്കാർ വരണമോയെന്നത് ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാർ കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ അവതരിപ്പിച്ചത് ഭാവിയിലെ നിക്ഷേപമെന്ന രീതിയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാർലമെന്റ് അംഗങ്ങൾ സർക്കാരിനുവേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാദ്ധ്യതപ്പെട്ടവരാണ്. ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽശേഷിയുള്ള എംപിയാണ്. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുൻപ് പാർലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണ്. രാജ്യസഭാംഗമെന്ന നിലയിൽ ജോൺ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ട്. എംപിമാർ കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ്. നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അവർക്ക് ഉത്തരവാദിത്തമുണ്ട്. അല്ലാതെ മ​റ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല പ്രതീക്ഷിക്കേണ്ടത്.

മൂന്നാം പിണറായി സർക്കാരെന്നത് ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണ്. എന്റെ കാര്യം പാർട്ടി തീരുമാനിക്കേണ്ടതാണ്. അത് നമ്മൾ ഇപ്പോൾ ചർച്ച ചെയ്തിട്ട് കാര്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം സർക്കാരിന്റെ ഒത്തുകളിയാണെന്നുവരെ ചിലർ പറഞ്ഞു. പൊലീസ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സാധാരണഗതിയിലുള്ള കാര്യങ്ങളാണോ പുറത്തുവന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളല്ലേ പുറത്തുവന്നത്. ഇതൊക്കെ പൊതുപ്രവർത്തനത്തിന് ചേർന്നതാണോ? നേരത്തെതന്നെ കോൺഗ്രസ് നേതൃത്വത്തിന് ഇക്കാര്യങ്ങൾ അറിയാമായിരുന്നു. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെ അവതരിപ്പിച്ചത്. ഇങ്ങനെയുള്ളവരെ അക​റ്റി നിർത്താനാണ് ഏതൊരു പാർട്ടിയും ശ്രമിക്കേണ്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള ഒരു പാർട്ടിയാണ്. ആ പാരമ്പര്യം കളഞ്ഞുകുളിക്കുന്ന നിലപാടാണ് ഇപ്പോഴത്തേത്.

ശബരിമല സ്വര്‍ണക്കൊള്ളയിൽ പാർട്ടി കുറ്റക്കാരെ സംരക്ഷിക്കില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്. അതില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ല. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് പരിഹാസ്യമാണ്. തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് നോട്ടീസ് അയച്ചത്. കിഫ്ബി വഴിയുള്ള വികസനം ഞങ്ങള്‍ ചെയ്തതാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ അനുമതിയോടെയാണ് എല്ലാം ചെയ്തത്'- മുഖ്യമന്ത്രി പറഞ്ഞു.