മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിച്ചേക്കും
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രാഹുലിന്റേത് ഗുരുതര ലൈംഗികാതിക്രമമെന്നും ഔദ്യോഗിക പദവിയുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും നിരീക്ഷിച്ചായിരുന്നു ഹർജി തള്ളിയത്. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കീഴ്‌ക്കോടതിയിൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും പറയുന്നത്. എംഎൽഎയാണെന്നും രാഷ്ട്രീയമായി തകർക്കാൻ എതിരാളികൾ ശ്രമിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും.
ഒമ്പത് ദിവസം മുൻപ് ഒളിവിൽ പോയ രാഹുലിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കർണാടകയിലെ സുള്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് ഇന്നലെ വൈകിട്ട് അഭ്യൂഹം പരന്നിരുന്നു. കാസർകോട്ടെ ഹോസ്ദുർഗ് കോടതിയിൽ എത്തിക്കുമെന്നും റിപ്പോർട്ടുകൾ വന്നു. കോടതി വളപ്പിൽ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് രാഹുലിനെ പിടികൂടാനായില്ലെന്ന് വ്യക്തമായി.
രാഹുലിന്റെ പാലക്കാട് ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ്, ഡ്രൈവർ ജോസ് എന്നിവരെ എസ് ഐ ടി ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എം എൽ എയെ രക്ഷപ്പെടാൻ സഹായിച്ചതും അനുഗമിച്ചതും ഇവരാണ്. അതേസമയം, ബംഗളൂരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയുടെ പരാതിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.