'രാഹുലിനെ ഒളിപ്പിച്ചത് കോൺഗ്രസുകാർ, ഏറ്റവും വലിയ ക്ഷേത്ര സ്വർണക്കൊള്ള നടന്നത് കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിപ്പിച്ചിരിക്കുന്നത് കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എവിടെ ഒളിപ്പിച്ചാലും അന്വേഷണ സംഘം രാഹുലിനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എംപിയെയും രാഹുലിനെയും ഒരേ നുകത്തിൽ കെട്ടാമെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയിലും അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ശരിയായ നിലപാടാണ് സ്വീകരിച്ചത്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ സംഘടനാപരമായ നടപടിയും ഉണ്ടാകുമെന്നും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. അതേസമയം, കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വർണക്കൊള്ള കോൺഗ്രസിന്റെ ഭരണകാലത്താണ് നടന്നതെന്നും ഗോവിന്ദൻ പറഞ്ഞു. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുരുവായൂരിലെ തിരുവാഭരണം നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് വൻവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് അതിദാരിദ്യം തുടച്ചു നീക്കി. തുടര്‍ ഭരണത്തിന്റെ കേളി കൊട്ടായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം. കണ്ണൂര്‍ കോര്പറേഷൻ ഇത്തവണ എൽഡിഎഫ് തിരിച്ചു പിടിക്കും. പ്രതിപക്ഷത്തിന്റേത് വികസന വിരുദ്ധ രാഷ്ട്രീയമാണെന്നും ഗോവിന്ദൻ പറഞ്ഞു.