കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കൊല്ലം: കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന് സർവീസ് റോഡ് തകർന്നു. സ്‌കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സർവീസ് റോഡിന്റെ ഒരുഭാഗമാകെ വിണ്ടുകീറിയ അവസ്ഥയിലാണ്. സ്‌കൂൾ ബസിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിട്ടുണ്ട്.
ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. എന്താണ് സംഭവിച്ചതെന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും ഉടൻ സ്ഥലത്തെത്തും.
സംഭവത്തിൽ ദേശീയപാതയുടെ നിർമാണം നടത്തുന്ന ശിവാലയ എന്ന കമ്പനിക്കെതിരെ പ്രദേശവാസികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അശാസ്ത്രീയമായാണ് നിർമാണം നടത്തുന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. 'ഇതിനെതിരെ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുത്തിരുന്നു. ശിവാലയ കമ്പനിയാണ് ദേശീയപാതയുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. കൊല്ലത്ത് ഏറ്റവും കൂടുതൽ ഗതാഗത തടസമുണ്ടാകുന്ന പ്രദേശമാണ് കൊട്ടിയം. കളക്ടറും ഇവിടെ സന്ദർശിച്ചതാണ്. ഭൂമിശാസ്ത്രപരമായ പരിശോധന നടത്തുമെന്നാണ് അവർ പരാതി അറിയിച്ചപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയായിട്ടും അങ്ങനെയൊന്നും നടന്നതായി കണ്ടില്ല. ആർക്കോ വേണ്ടിയാണ് അവർ നിർമാണം നടത്തുന്നത്'- ഒരു പ്രദേശവാസി പറഞ്ഞു