16 വർഷങ്ങൾക്കുശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Saturday 06 December 2025 12:07 AM IST
അശോകൻ

മരട്: 2009ൽ പനങ്ങാട് സ്റ്റേഷൻ പരിധിയിൽ പൊലീസ് ചമഞ്ഞ് പണംതട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 16 വർഷങ്ങൾക്കുശേഷം പിടിയിൽ. ചേർത്തല മായിത്തറ ഇലഞ്ഞി കോളനിഭാഗം ആര്യാടുവീട്ടിൽ അശോകനാണ് (56) പിടിയിലായത്. ഇപ്പോൾ പള്ളുരുത്തിയിലാണ് താമസം. കോടതി പ്രതിക്കായി എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എറണാകുളം എ.സി.പി സിബി ടോമിന്റെ നിർദ്ദേശപ്രകാരം പനങ്ങാട് എസ്.എച്ച്.ഒ വിബിൻദാസിന്റെയും എറണാകുളം ടൗൺ സൗത്ത് എസ്.എച്ച്.ഒ സന്തോഷിന്റേയും നേതൃത്വത്തിൽ സ്പെഷ്യൽ ടീംഅംഗങ്ങളായ എസ്.ഐ ജോസി, അനിൽകുമാർ, മഹേഷ്, സനീപ് എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വൈറ്റിലയിൽനിന്ന് പിടികൂടിയത്. പനങ്ങാട്, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അശോകൻ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.