സുരക്ഷ ഇന്ന് സായുധസേനയ്ക്ക് : പതിനെട്ടാംപടിയിലും നിയന്ത്രണം

Saturday 06 December 2025 12:55 AM IST

ശബരിമല : ബാബറി മസ്ജിദ് ദിനാചരണത്തിന്റെയും ചെങ്കോട്ട, പുൽവാമ ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ശബരിമലയിൽ ഇന്ന് അതീവസുരക്ഷയും ജാഗ്രതയും. സന്നിധാനത്തിന്റെ സുരക്ഷാ ചുമതല സായുധസേനകൾ ഏറ്റെടുത്തു. ഇന്നലെ രാത്രി നട അടച്ച ശേഷം ആരെയും പതിനെട്ടാംപടി ചവിട്ടാൻ അനുവദിച്ചില്ല. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷവും രാത്രി നട അടച്ചശേഷവും പതിനെട്ടാംപടിയിൽ പ്രവേശനം ഉണ്ടായിരിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പൊലീസ്, സി.ആർ.പി.എഫ് - ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് , സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി സന്നിധാനത്ത് റൂട്ട് മാർച്ച് നടത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് അധിക സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ പ്രത്യേക സെക്ടറുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ബേസ് ക്യാമ്പായ നിലയ്ക്കലിലും പമ്പയിലും ഇന്നലെ മുതൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സന്നിധാനത്തെ തിരക്കിന് അനുസരിച്ച് മാത്രമെ തീർത്ഥാടകരെ കടത്തിവിടു. നട അടച്ചിരിക്കുന്ന സമയം സന്നിധാനത്ത് എത്തുന്നവർ വലിയ നടപ്പന്തലിൽ തന്നെ കാത്തിരിക്കണം. തിരക്ക് പരിഗണിച്ച് ഈ തീർത്ഥാടനകാലത്തിന്റെ തുടക്കം മുതൽ നട അടച്ച ശേഷവും പടി കയറ്റുന്ന പതിവുണ്ടായിരുന്നു. നട അടക്കുന്ന സമയങ്ങളിൽ തിരുമുറ്റവും പരിസരവും കേരളാ പൊലീസിന്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും ഉണ്ടാകും.

ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പരിശോധന ശക്തം

ജീവനക്കാരുടെ താമസ സ്ഥലങ്ങൾ, സ്ഥിരം എൻട്രി പോയിന്റുകൾ എന്നിവ കർശനമായി പരിശോധിക്കും. തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടില്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കി. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ട്. .പതിനെട്ടാം പടി വഴിയുള്ള പ്രവേശനം സാധാരണ പോലെ നടക്കും. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധിക്കും.

സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനായി ഇന്ന് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് അയ്യപ്പഭക്തരും ഉദ്യോഗസ്ഥരും തൊഴിലാളികളും പൂർണ്ണമായി സഹകരിക്കണം.

ആർ.ശ്രീകുമാർ

(സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ )

.