ശബരിമലയിൽ ഡ്രോൺ സർവെ

Saturday 06 December 2025 12:12 AM IST

ശബരിമല : റോപ് വേയ്ക്ക് അന്തിമ അനുമതി നൽകുന്നതിന് മുന്നോടിയായി ശബരിമലയിൽ ഇന്നും നാളെയും ഡ്രോൺ സർവെ നടക്കും. പമ്പ ത്രിവേണി മുതൽ മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെയാണ് സർവെ .റോപ് വേ കടന്നുപോകുന്ന ഭാഗത്തെ മരങ്ങളുടെ അകലവും ഉയരവും കൃത്യമായി തിട്ടപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പ്രതിനിധി ജോൺസൺ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശിവകുമാർ, ദേശീയ കടുവ സംരക്ഷണ അതോറിറ്റി അംഗം ഹരിണി വേണുഗോപാൽ എന്നിവർ ഇതുസംബന്ധിച്ച് നേരത്തെ പരിശോധന നടത്തിയിരുന്നു. അതീവ സുരക്ഷാമേഖലയായ ശബരിമലയിൽ ഡ്രോൺ പറത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്കുണ്ട്. ദേവസ്വം ബോർഡിന്റെ അപേക്ഷയെ തുടർന്ന് ഹൈക്കോടതി ഇതിന് അനുമതി നൽകിയിരുന്നു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമാണ് റോപ് വേ സ്ഥാപിക്കുന്നത്.