60 ശതമാനം പഞ്ചായത്തുകളും യു.ഡി.എഫ് നേടും കെ.ബാലനാരായണൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ

Saturday 06 December 2025 12:29 AM IST
മുസ്തഫ കൊമ്മേരി

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. വിജയപ്രതീക്ഷയിലുമാണവർ. ജില്ലയിൽ 60 ശതമാനം പഞ്ചായത്തുകളിലും വിജയിക്കുമെന്ന അവകാശവാദമാണ് യു.ഡി.എഫിനുള്ളത്. ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം കൂടും. കോർപ്പറേഷൻ ഭരണം പിടിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ പറഞ്ഞു.

രാഹുൽ വിഷയം കോഴിക്കോട്ടും പ്രതിഫലിക്കുമോ ?

ഇല്ല. രാഹുലിനെതിരെ തുടക്കത്തിൽ തന്നെ നടപടിയെടുത്തു. ഇപ്പോൾ പുറത്താക്കി. ശബരിമല സ്വർണക്കൊള്ളയാണ് പ്രധാന വിഷയം. ഇതിലെ പ്രതികളായ നേതാക്കൾക്കെതിരെ സി.പി.എം ഒരു നടപടിയുമെടുത്തില്ല. എന്നിട്ട് രാഹുൽ വിഷയം പറയാൻ എന്ത് ധാർമ്മികതയാണ് അവർക്കുള്ളത് ?

യു.ഡി.എഫിനോടുള്ള ജനങ്ങളുടെ പ്രതികരണം?

ജില്ലയിൽ യു.ഡി.എഫ് മുന്നേറ്റമാണ്. ജനവികാരം സർക്കാരിനെതിരാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. കോഴിക്കോട് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിലും അഴിമതിയാണ്. തീവ്ര വലതുപക്ഷമായി മാറിയ സി.പി.എമ്മിലെ വലിയാെരു വിഭാഗം യു.ഡി.എഫിന് വോട്ടു ചെയ്യും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ഈ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന്റെ 25 ശതമാനം വോട്ട് യു.ഡി.എഫ് നേടും.

കോഴിക്കോട്ടെ അനുകൂല സാഹചര്യം?

നേരത്തെ മുന്നൊരുക്കം നടത്തിയിരുന്നു. വോട്ടർപട്ടികയിൽ പേരു ചേർക്കൽ ഉൾപ്പെടെ കൃത്യമായി നടത്തി. മൂന്നു വട്ടം വീടുകയറി പ്രചാരണം നടത്തി. കാലങ്ങളായി ഭരിക്കുന്ന എൽ.ഡി.എഫിനെ ജനങ്ങൾക്ക് മടുത്തു. കോഴിക്കോട് കോർപ്പറേഷനിൽ എല്ലാറ്റിനും കെെക്കൂലിയാണ്. പഞ്ചായത്തുകളിൽ വികസന മുരടിപ്പും.

റിബലുകൾ തലവേദനയാകുമോ?

റിബലുകളെല്ലാം പിന്നോട്ടു പോയി. ദിവസം കഴിയുന്തോറും അവരുടെ പ്രാധാന്യം കുറയുകയാണ്. അവർക്കൊപ്പമുള്ളവരും യു.ഡി.എഫിനൊപ്പമെത്തി. ഓരോ ദിവസവും യു.ഡി.എഫിന്റെ വിജയസാദ്ധ്യത വർദ്ധിക്കുകയാണ്.