നെല്ല് വില നൽകി

Saturday 06 December 2025 12:49 AM IST

പാലക്കാട്: ജില്ലയിൽ സംഭരിച്ച നെല്ലിന്റെ വിലയായി 6.85 കോടി രൂപ സപ്ലൈകോയിൽനിന്ന് ബാങ്കുകൾ വഴി കർഷകരുടെ കൈയിലെത്തിച്ചു. 6,562 കർഷകരിൽനിന്നായി 7,092 മെട്രിക് ടൺ നെല്ലാണ് ഇതുവരെ സംഭരിച്ചത്. ബാക്കി കർഷകർക്ക് നൽകാനുള്ള 14.5 കോടി രൂപ ഉടൻ വിതരണം ചെയ്യും. പിടിവാശി ഉപേക്ഷിച്ച്, രണ്ടുമാസത്തേക്ക് സംഭരണത്തിന് കരാറിലേർപ്പെടാൻ തയ്യാറാണെന്ന് മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. സപ്ലൈകോ ഇതിൽ തീരുമാനമെടുത്തിട്ടില്ല. ജില്ലയിൽ മാത്രം 900 പാടശേഖരങ്ങൾക്കാണ് ഇതുവരെ മില്ലുകൾ അനുവദിച്ച് നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് 10,598 കർഷകരിൽനിന്നായി 17,283 മെട്രിക് ടൺ നെല്ലാണ് 2025 - 26 വർഷം ഒന്നാംവിളയിൽ ഇതുവരെ സംഭരിച്ചത്.