ജില്ലയിലേക്ക് സ്പിരിറ്റ് ഒഴുകുന്നു, നടപടിയെടുക്കാതെ അധികൃതർ

Saturday 06 December 2025 12:55 AM IST

ചിറ്റൂർ: ഒരിടവേളയ്ക്കു ശേഷം കിഴക്കൻ മേഖലയിലേക്ക് സ്പിരിറ്റൊഴുകുന്നു. 5 ദിവസത്തിനിടെ മേഖലയിൽ നിന്നായി പൊലീസ് പിടിച്ചെടുത്തത് 675 ലീറ്റർ സ്പിരിറ്റാണ്. പക്ഷേ, സ്പിരിറ്റ് കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനാകാതെ എക്‌സൈസ് വകുപ്പ്. കഴിഞ്ഞ ഒക്ടോബർ 27ന് മീനാക്ഷിപുരം സർക്കാർപതിയിൽ 1,260 ലീറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നല്ലേപ്പിള്ളിയിലെ 2 സ്ഥലങ്ങളിൽ നിന്നായി സ്പിരിറ്റ് പിടികൂടിയത്. 3 കേസുകളിലായി 890 ലീറ്റർ പഴകിയ കള്ള് എക്‌സൈസ് അധികൃതർ കണ്ടെടുക്കുകയും ചെയ്തിരുന്നു. മീനാക്ഷിപുരത്ത് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി എൻ.ഹരിദാസ് അടക്കം ആറുപേരെ മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ മേൽനോട്ടം വഹിക്കുന്ന തോപ്പുകളിൽ നിന്ന് ചെത്തിയിറക്കുന്ന കള്ളിൽ കലർത്താനാണ് സ്പിരിറ്റ് എത്തിച്ചതെന്നു ഹരിദാസ് മൊഴി നൽകിയിട്ടും മീനാക്ഷിപുരത്തേക്കു സ്പിരിറ്റ് എത്തിച്ചു നൽകുന്ന മറ്റു ജില്ലകളിൽ നിന്നുള്ളവരുമായുള്ള ഹരിദാസിന്റെ ബന്ധമോ സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ചോ പൊലീസിന് ഇനിയും വ്യക്തമായ നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ല.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മീനാക്ഷിപുരം പൊലീസ് പറയുന്നത്. അടുത്തിടെ നല്ലേപ്പിള്ളി ശ്മശാനത്തിലെ കുറ്റിക്കാട്ടിൽ നിന്നു പിടിച്ചെടുത്ത 175 ലീറ്റർ സ്പിരിറ്റ് 2024 ഒക്ടോബർ കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ നിന്നും കണ്ടെത്തിയ 1260 ലീറ്റർ സ്പിരിറ്റിന്റെ ബാക്കിയാണെന്നാണ് പൊലീസ് പറയുന്നത്.

ദിവസങ്ങൾക്കു മുൻപ് എക്‌സൈസ് ഐബി സംഘവും റേഞ്ച് സംഘവും കൊഴിഞ്ഞാമ്പാറ ആറാംമൈലിലെ തോപ്പിൽ നടത്തിയ പരിശോധനയിൽ 400 ലീറ്റർ പഴകിയ കള്ള് പിടികൂടിയിരുന്നു. എന്നാൽ തോപ്പിൽ കള്ളു ചെത്തുന്നതിനുള്ള യാതൊരു രേഖയും ഉണ്ടായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തോപ്പുടമയായ പഴനിസ്വാമി കൗണ്ടർക്കെതിരെ കേസെടുക്കാനല്ലാതെ ഇയാളെ പിടികൂടാനോ തുടർ നടപടികൾ സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഗേറ്റ് പാസും ചെത്തുന്ന തെങ്ങുകൾക്ക് നമ്പറും ഇല്ലാത്ത തോപ്പിൽ കള്ളുചെത്തു നടന്നതെങ്ങനെ എന്നതിനെക്കുറിച്ച് എക്‌സൈസിനും വ്യക്തതയില്ല. തോപ്പുടമയായ പഴനിസ്വാമി കൗണ്ടറെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതലായി പറയാനാകൂ എന്നാണ് എക്‌സൈസ് അധികൃതർ പറയുന്നത്.