അംഗബലം കൂട്ടാൻ എസ്.ഡി.പി.ഐ: കോഴിക്കോട്ട് മത്സരം 194 സീറ്റുകളിൽ

Saturday 06 December 2025 12:58 AM IST
മുസ്തഫ കൊമ്മേരി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ, ജില്ലയിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നത് 194 സീറ്റുകളിൽ. സംസ്ഥാനത്ത് 1,483 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ജില്ലയിലിപ്പോൾ വടകര മുനിസിപ്പാലിറ്റിയിൽ ഒരു അംഗവും അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് അംഗങ്ങളും കടലുണ്ടി ഗ്രാമപഞ്ചായത്തിൽ ഒരു അംഗവുമാണുള്ളത്. ഇത്തവണ അംഗബലം കൂട്ടാനാണ് ശ്രമം. ഒറ്റയ്ക്ക് മത്സരിച്ച് മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണിവർ. അതേസമയം സ്ഥാനാർത്ഥികളില്ലാത്ത സ്ഥലങ്ങളിൽ വികസനം കൊണ്ടുവരാൻ സാധിക്കുന്നവർക്ക് വോട്ട് നൽകുമെന്ന് നേതാക്കൾ പറഞ്ഞു. എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് മുന്നണികൾ പറയുമ്പോഴും അത് പൂർണ്ണമായും നിരാകരിക്കാനാകില്ലെന്നാണ് വിവരം. കോഴിക്കോട് കോർപ്പറേഷനിൽ 11 സീറ്റിലും ജില്ലാ പഞ്ചായത്തിൽ 11 സീറ്റിലും ബ്ലോക്ക് പഞ്ചായത്തിൽ 20 ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളിൽ 23 സീറ്റിലും ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 123 സീറ്റിലുമാണ് മത്സരം. പാർട്ടി പിന്തുണയ്ക്കുന്ന ഏഴ് സ്വതന്ത്രരും മത്സര രംഗത്തുണ്ട്. ഒരു മുന്നണികളോടും ധാരണയോ നീക്കുപോക്കോ ഇല്ലെന്നാണ് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറയുന്നത്. കുടിവെള്ളം, യാത്രാ പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, തീരദേശ, മലയോര മേഖലയിലെ പ്രശ്നങ്ങൾ, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, ന്യൂനപക്ഷ വിഭാഗങ്ങളിലെ അരക്ഷിതാവസ്ഥ തുടങ്ങിയവ ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണെന്ന് അവർ പറയുന്നു.