സാംസ്‌കാരിക വിനിയമത്തിന് ജപ്പാൻ, കേരള കൊച്ചികൾ

Saturday 06 December 2025 1:58 AM IST

കൊച്ചി: ജപ്പാനിലെ തുറമുഖനഗരമായ കൊച്ചിയിലെ തൊസാജുകു ജൂനിയർ ആൻഡ് സീനിയർ സ്‌കൂളും കൊച്ചി എളമക്കരയിലെ അശോക വേൾഡ് സ്‌കൂളും സാംസ്‌കാരിക വിനിമയത്തിൽ സഹകരിക്കും. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക കൈമാറ്റത്തിനുള്ള ധാരണാപത്രം കൊച്ചി മേയർ അഡ്വ. എം അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചു.

ജാപ്പനിലെ നാല് വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരും എളമക്കരയിലെത്തി. ഓൺലൈനായും നേരിട്ടുമാണ് കൈമാറ്റ പരിപാടി നടപ്പാക്കുകയെന്ന് കൊച്ചി ടു കൊച്ചി എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആവിഷ്‌കരിച്ച അശോക വേൾഡ് സ്‌കൂൾ ഡയറക്ടർ ആദർശ് കാവുങ്കൽ പറഞ്ഞു. അശോകയിലെ സംഘം അടുത്ത ആഗസ്റ്റിൽ ജപ്പാനിലെ സ്‌കൂൾ സന്ദർശിക്കും.

ജപ്പാനീസ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെഴുതിയ ബാനറുകളുമായാണ് ജപ്പാൻ സംഘത്തെ വരവേറ്റത്. ജപ്പാനീസ് സ്‌കൂൾ പ്രിൻസിപ്പൽ കുസാക ഹിരോഷി, അദ്ധ്യാപകരായ കോഹെയ് നൊസാകി, ഷൂന്യ ഹൊസോയ്, വിദ്യാർത്ഥികളായ കിതമുറ സൊഡായ്, കുസാക കൊടോഹ, നകയാമ ഹിനാകോ, ഷിനോസുകെ നകാനോ എന്നിവരാണ് സംഘത്തിലുള്ളത്.

മേയർ അഡ്വ.എം അനിൽകുമാർ, എം.ഐ.ടി മുൻ അദ്ധ്യാപകൻ രാജേഷ് നായർ, ആന്ധ്രാ വിദ്യാഭ്യാസ വകുപ്പ് ഉപദേശകൻ രാം കമൽ, അശോക സ്‌കൂൾ ഡയറക്ടർ അഥീന മറിയം സൈമൺ, പ്രിൻസിപ്പൽ കെ. ദേവകി, വിദ്യാർത്ഥിനികളായ ആൻ മേരി, ഖദീജ എന്നിവർ സംസാരിച്ചു.