ശബരിമലയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് പ്രചരണം പരിശോധിക്കും

Saturday 06 December 2025 12:17 AM IST

തിരുവനന്തപുരം: ശബരിമല പശ്ചാത്തലമാക്കിയുള്ള പ്രചാരണ പോസ്റ്ററുകൾ മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിലുള്ളതിനാൽ പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശംനൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് ചേർന്ന സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റിയോഗം തീരുമാനിച്ചു. പരാതികൾക്ക് വേഗത്തിൽ നടപടി സ്വീകരിക്കാൻ പൊലീസ് സൈബർഓപ്പറേഷൻസിന് നിർദ്ദേശം നൽകി.പത്ര,ദൃശ്യ,ശ്രവ്യ,സമൂഹ മാദ്ധ്യമങ്ങളിലെ കണ്ടന്റുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നതായി കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ,കെ.യു.ഡബ്ള്യൂ.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ,കേരളാ പോലീസ് സൈബർ ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ബിനോജ് എസ്, കമ്മീഷൻ ലാ ഓഫീസർ പ്രീതി ആർ.നായർ,കൺസൾട്ടന്റ് എം.ഷാജഹാൻ,പി.ആർ.ഒ കെ.എം.അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.