കലുങ്ക് നിർമ്മാണത്തിനെടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Saturday 06 December 2025 12:18 AM IST
നെടുമങ്ങാട്: കലുങ്ക് നിർമ്മാണത്തിനെടുത്ത കുഴിയിൽ വീണ് ഐ.ടി ജീവനക്കാരനു ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗാ ലൈൻ ശിവശക്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആകാശ് മുരളിയാണ് (30) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ നാലുവരിപ്പാത നിർമ്മാണം നടക്കുന്ന വഴയില- പഴകുറ്റി റോഡിലാണ് അപകടം.
ടെക്‌നോപാർക്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ കുഴിയിലേക്ക് വീഴുകയായിരുന്നു. കലുങ്കിനു മുകളിലെ കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ചുവീണ ആകാശ്, അര മണിക്കൂറിലേറെ അവിടെക്കിടന്നു. പിന്നീടെത്തിയ യാത്രക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരകുളം പാലം ജംഗ്ഷൻ ഗോവിന്ദ് ഭവനിൽ മുരളീധരന്റെയും പ്രഭാ മുരളിയുടെയും മകനാണ്. ഭാര്യ: ഫെബി. മകൾ: എല്ല. അരുവിക്കര പൊലീസ് കേസെടുത്തു.