പരസ്യ സംവാദം : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.സി

Saturday 06 December 2025 12:22 AM IST

ആലപ്പുഴ: പാർലമെന്റിലെ യു.ഡി.എഫ് എം.പിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. പി.എം ശ്രീ കരാറിൽ ഒപ്പിടാൻ ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ് എം.പിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ ബ്രിട്ടാസിനെ ന്യായീകരിച്ചും യു.ഡി.എഫ് എംപിമാരുടെ പ്രവർത്തനത്തെ വിമർശിച്ചും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ.സി.

കേരളത്തിന്റെ വികസന ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ യു.ഡി.എഫ് എം.പിമാർ പിന്നാക്കം നിന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയാൽ പരസ്യമായി മാപ്പു പറയാൻ തയ്യാറാണ്. മുഖ്യമന്ത്രിയെ പോലൊരാൾ ഇത്തരം നുണ പറയരുത്. കച്ചവടത്തിന് വേണ്ടിയുള്ള ഡീലിന്റെ ഇടനിലക്കാരാകാൻ യു.ഡി.എഫ് എം.പിമാരെ കിട്ടില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺബ്രിട്ടാസ് മദ്ധ്യസ്ഥത വഹിച്ചതെന്ന് ഇപ്പോൾ സി.പി.ഐയ്ക്ക് മനസിലായിക്കാണും. പല കാര്യങ്ങളിലും ഇടനില പ്രവർത്തനം സി.പി.എം നടത്തുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.