കേരളകൗമുദി മുൻ പത്രാധിപസമിതി അംഗം എസ്. ജയശങ്കർ അന്തരിച്ചു
തിരുവനന്തപുരം: കേരളകൗമുദി മുൻ പത്രാധിപസമിതി അംഗവും കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എസ്. ജയശങ്കർ (75) അന്തരിച്ചു. ജഗതി അനന്തപുരി ആഡിറ്റോറിയത്തിന് സമീപം സഹോദരിയുടെ വസതിയായ ശങ്കരവിലാസത്തിലായിരുന്നു അന്ത്യം. തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യകാല മേയർമാരിലൊരാളായ പരേതനായ സത്യകാമൻ നായരുടെയും കോട്ടയം അറയ്ക്കൽ വീട്ടിൽ പരേതയായ ലീലാഭായിയുടെയും മകനാണ്.
കേരളകൗമുദിയിൽ തിരുവനന്തപുരം,കണ്ണൂർ ബ്യൂറോകളിൽ ദീർഘകാലം മാദ്ധ്യമപ്രവർത്തകനായിരുന്നു. ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസമിതി ഭാരവാഹിയും ജഗതി ഉള്ളൂർ സ്മാരകം സെക്രട്ടറിയുമായിരുന്നു.
1998,2001,2003 കാലയളവിൽ കേരള പത്രപ്രവർത്തക യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. മാദ്ധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ:ജയന്തി നാരായണപിള്ള (മുൻ ചവറ പഞ്ചായത്ത് പ്രസിഡന്റ്),പരേതനായ എസ്.സതീഷ് കുമാർ (നാഷണൽ ഇൻഷ്വറൻസ് കമ്പനി ),കൃഷ്ണകുമാർ (മാദ്ധ്യമ പ്രവർത്തകൻ ),ജയലക്ഷ്മി (റിട്ട. ഏജീസ് ഓഫീസ്),ഈശ്വരി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്നലെ നടന്നു. ജയശങ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാനകമ്മിറ്റിയും അനുശോചിച്ചു.