ഇതു താൻടാ കൃഷി ഓഫീസർ

Saturday 06 December 2025 2:27 AM IST

കളമശേരി: ഏലൂർ നഗരസഭയിലെ കർഷകർ ഒന്നടങ്കം പറയും 'ഇതു താൻ ടാ കൃഷി ഓഫീസർ". ഏലൂരിലെ കൃഷി ഓഫീസർ തിരുവനന്തപുരം സ്വദേശി നന്ദി കുന്നേൽ വീട്ടിൽ ഏയ്ഞ്ചൽ സിറിയക്കിനെ കുറിച്ചാണ് കർഷകരുടെ ഈ അഭിപ്രായം. ഏലൂരിലെത്തി ഒരു വർഷത്തിനുള്ളിലാണ് കർഷകരുടെ മനസിൽ ഈ കൃഷിഓഫീസർ ഇടം പിടിച്ചത്. കർഷകരെയും കൃഷിയിൽ താല്പര്യമുള്ളവരെയും കണ്ടെത്തി ആയിരം പേരുള്ള വാട്ട്സ് അപ് ഗ്രൂപ്പുണ്ടാക്കുകയാണ് ഏയ്ഞ്ചൽ ആദ്യം ചെയ്തത്. മുഖാമുഖം കണ്ട് പരിചയപ്പെടാൻ യോഗം ചേർന്നു. അമ്പതിലേറെ കർഷകർ യോഗത്തിൽ പങ്കെടുക്കാനെത്തി. ഇത് നല്ല തുടക്കമായി കണ്ട് പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കർഷകരുടെ പരാതികളും പരിഭവങ്ങളും കേൾക്കാൻ പ്രവൃത്തി സമയത്തിന്റെ പകുതിയും ഫീൽഡിലായിരിക്കും ഈ കൃഷി ഓഫീസർ. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ലക്ഷ്മി നാഥും അഞ്ജിതയും സഹായത്തിനുണ്ട്.

എൻജിനീയറായ ജിന്റു സെബാസ്റ്റ്യനാണ് ഭർത്താവ് , മക്കൾ: സ്‌റ്റീവ് , ഇസ്‌ബെൽ.

ആഴ്ച ചന്തയും ഇക്കോഷോപ്പും

മന്ദീഭവിച്ചു കിടന്ന ആഴ്ച ചന്ത പുനരുജ്ജീവിപ്പിച്ചു. വീടുകളിലും പറമ്പുകളിലും കൃഷി ചെയ്ത ഉല്പന്നങ്ങൾ കർഷകർ നേരിട്ട് നടത്തുന്ന വില്പന ഉഷാറായി.

ഫാക്ട്, നഗരസഭ, കൃഷി ഭവൻ എന്നിവരുടെ സഹകരണത്തോടെ ഫാക്ടിന്റെ കെട്ടിടത്തിൽ 'നിറവ് " എന്ന പേരിലുള്ള ഇക്കോ ഷോപ്പിന് അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുത്തു.

നെൽകൃഷി

ഏലൂർ വടക്കുംഭാഗത്ത് മൂന്നു പതിറ്റാണ്ടായി തരിശുകിടന്ന പാടത്ത് നെൽക്കൃഷിക്ക് തുടക്കം കുറിച്ചു.

 നെല്ലുല്പാദക സംഘം രൂപീകരിച്ച് 20 ഏക്കറിൽ നെൽകൃഷി തുടങ്ങി.

വെള്ളക്ഷാമം നേരിടാൻ 8.3 ലക്ഷം ചെലവിൽ പമ്പ് സ്ഥാപിച്ചു.

35000 കി.ഗ്രാം നെല്ല് കിട്ടി. 10 ടൺ അരി കിട്ടി, 5 ടൺ അരിക്ക് ഓർഡറായി. ഏലൂർ നെന്മണി എന്ന പേരിൽ ബ്രാൻഡ് ചെയ്തു.

ഭാവി പ്രവർത്തനങ്ങൾ

മഞ്ഞുമ്മൽ കണ്ടോ പാടത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 18 ഏക്കറിൽ നെൽക്കൃഷി തുടങ്ങും.

തണ്ണിമത്തൻ, വളത്താങ്കര ചീര, എള്ള്, പയർ തുടങ്ങിയവയ്ക്കുള്ള ഒരുക്കങ്ങളായി.

ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങും. തുടർന്ന് ഗവ. സ്കൂളുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും പ്രയോജനപ്പെടുത്തും.