പലിശയിളവിൽ കുതിച്ച് ഓഹരികൾ
കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഉണർവേകാൻ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ കുതിച്ചുയർന്നു. ഒക്ടോബറിൽ നാണയപ്പെരുപ്പം പത്ത് വർഷത്തെ താഴ്ന്ന തലത്തിലെത്തിയതോടെയാണ് റിസർവ് ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന തീരുമാനമെടുത്തത്. മുഖ്യ നിരക്കായ റിപ്പോ 5.25 ശതമാനമായി കുറയുമ്പോൾ വായ്പാ ആവശ്യം വർദ്ധിക്കുമെന്ന് വിലയിരുത്തുന്നു. ഇതോടെ മുഖ്യ സൂചികയായ സെൻസെക്സ് 447.05 പോയിന്റ് ഉയർന്ന് 85,712.37ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 152.7 പോയിന്റ് നേട്ടവുമായി 26,186.45ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും നേട്ടമുണ്ടാക്കി. ധനകാര്യ, വാഹന, റിയൽറ്റി മേഖലയിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിനൊപ്പം ബോണ്ടുകൾ വാങ്ങി വിപണിയിൽ 1.45 ലക്ഷം കോടി രൂപ അധികം ലഭ്യമാക്കുമെന്ന റിസർവ് ബാങ്കിന്റെ പ്രഖ്യാപനവും നിക്ഷേപകർക്ക് ആവേശം പകർന്നു. നടപ്പു വർഷം ഇതുവരെ നാല് തവണയായി 1.25 ശതമാനമാണ് റിസർവ് ബാങ്ക് പലിശ കുറച്ചത്.
ജി.ഡി.പി. വളർച്ച എട്ടു ശതമാനമായേക്കുംപലിശ കുറയുന്നതോടെ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ (ജി.ഡി.പി) എട്ടു ശതമാനത്തിനടുത്ത് വളർച്ച നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ച അവഗണിച്ചും പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തര ഉപഭോഗ ഉണർവിലൂടെ മികച്ച സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുള്ള നടപടിയാണെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. സെപ്തംബറിൽ ചരക്ക് സേവന നികുതി ഗണ്യമായി കുറച്ചതോടെ ആഭ്യന്തര ഉപഭോഗം മെച്ചപ്പെട്ടിരുന്നു. ഇതോടൊപ്പം വായ്പകളുടെ പലിശ കൂടി കുറയുന്നതോടെ ഉപഭോക്താക്കൾ വിപണിയിൽ വീണ്ടും സജീവമാകുമെന്ന് വിലയിരുത്തുന്നു. കമ്പനികളുടെ പ്രവർത്തന ചെലവ് കുറയാനും റിസർവ് ബാങ്ക് തീരുമാനം സഹായകമാകും. കാലവർഷത്തിന്റെ ലഭ്യത കൂടിയതോടെ ഗ്രാമീണ, കാർഷിക മേഖലകളിലെ ഉണർവും സാമ്പത്തിക മേഖലയ്ക്ക് കരുത്താകും
നിക്ഷേപകരുടെ നേട്ടം
ഇന്നലെ വിപണി മൂല്യത്തിലെ വർദ്ധന
1.1 ലക്ഷം കോടി രൂപ
കാലിടറാതെ രൂപ
പലിശ നിരക്ക് കുറയ്ക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിലും അടിതെറ്റാതെ ഇന്ത്യൻ രൂപ. പൊതുവിപണിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ വാങ്ങുന്നതിനും 500 കോടി ഡോളറിന്റെ ഡോളർ സ്വാപ്പിംഗ് നിർദേശവുമാണ് രൂപയ്ക്ക് പിന്തുണയായത്. വ്യാപാരം അവസാനിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ നഷ്ടവുമായി 89.94ൽ അവസാനിച്ചു.