വിമാനം വഴി സ്വർണക്കടത്ത് കുറഞ്ഞു, ലഹരിക്കടത്ത് കൂടി
കൊച്ചി: രാജ്യത്ത് വിമാനമാർഗം സ്വർണക്കള്ളക്കടത്ത് കുറഞ്ഞപ്പോൾ മയക്കുമരുന്ന് കടത്ത് കുത്തനേ കൂടി. എയർ കസ്റ്റംസും മറ്റ് കേന്ദ്രഏജൻസികളും രജിസ്റ്റർചെയ്ത കേസുകൾ പ്രകാരമാണിത്.
2023ൽ 5962 കേസുകളിലായി വിമാനത്താവളങ്ങളിൽ നിന്ന് 3714 കിലോ സ്വർണം പിടിച്ചിരുന്നു. 2024ൽ 2772 കേസും 1848 കിലോ സ്വർണവുമായി കുറഞ്ഞു. ഇക്കൊല്ലം ഒക്ടോബർവരെ 461 കേസുകളിൽ 260 കിലോ സ്വർണം മാത്രമാണ് പിടിച്ചത്.
അതേസമയം, ഇക്കൊല്ലം ഒക്ടോബറിനകം 3029 കിലോ മയക്കുമരുന്ന് പിടികൂടി. 2024ൽ 515 കേസുകളിലായി 2026 കിലോയാണ് പിടിച്ചത്. 2023ൽ 275 കേസും പിടിച്ചത് 1516 കിലോ ലഹരിവസ്തുക്കളുമായിരുന്നു.
സ്വർണത്തിന്റെ വിലക്കയറ്റവും ഡിമാന്റ് കുറവുമാണ് രാജ്യാന്തര മാഫിയ വിട്ടുനിൽക്കാനുള്ള പ്രധാനകാരണം. അതേസമയം മയക്കുമരുന്ന് ലോബി വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവടക്കം നിർബാധം കടത്തുന്നു. പിടിച്ചെടുത്ത തൊണ്ടിമുതലിന്റെ വില കണക്കാക്കുമ്പോൾ സ്വർണത്തിന്റെ മൂന്നിരട്ടി മൂല്യംവരും.
ശിക്ഷാനിരക്ക് കുറവ്
ദീർഘമായ നിയമനടപടികൾ, കൂറുമാറ്റം, രാസപരിശോധനാഫലം വരുന്നതിലെ താമസം എന്നിവ കാരണം കള്ളക്കടത്ത് കേസുകളിൽ ശിക്ഷാനിരക്ക് തീരെ കുറവാണ്
2023ൽ 174 സ്വർണക്കടത്ത് കേസുകൾ മാത്രമാണ് വിചാരണയിലേക്ക് കടന്നത്. 2024ൽ 253, 2025ൽ 117 കേസുകൾ. ലഹരിക്കേസുകളുടെ കാര്യത്തിൽ ഇത് യഥാക്രമം 153, 209, 209 ആണ്
തൊണ്ടിവസ്തുക്കളുടെ
മൂല്യം (തുക കോടിയിൽ )
വർഷം: 2022, 2023, 2024, 2025
സ്വർണം: 1382, 2081, 1286, 254
ലഹരിമരുന്ന്: 3457, 8027, 2231, 3364