അരുന്ധതി റോയിയുടെ പുസ്‌തകം: ഹർജി തള്ളി

Saturday 06 December 2025 12:40 AM IST

ന്യൂ‌ഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ 'മദർമേരി കംസ് ടു മി' പുസ്‌തകത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അരുന്ധതി ബീഡി വലിക്കുന്ന കവർചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകനായ രാജസിംഹന്റെ ഹർജി. ചിത്രം യുവാക്കൾക്കിടയിൽ പുകവലി പ്രോത്സാഹിപ്പിക്കുന്നതാണെന്നും, നിയമ ലംഘനമാണെന്നും ആരോപിച്ചു. എന്നാൽ, നിയമലംഘനമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിലപാടെടുത്തു. അരുന്ധതി പ്രമുഖ എഴുത്തുകാരിയാണ്. അവരുടെ കൃതികൾ പുകവലി പ്രോത്സാഹിപ്പിക്കുന്നതല്ല. എന്താണ് ഹർജിക്കാരന്റെ പ്രശ്‌നം? പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഹർജി സമർപ്പിച്ചത്? കവ‌ർചിത്രം നോക്കിയല്ല വായനക്കാരൻ പുസ്‌തകം വാങ്ങുന്നത്. എഴുതുന്നയാളുടെ വിശ്വാസ്യതയും ഉള്ളടക്കവും നോക്കിയാണെന്നും കൂട്ടിച്ചേർത്തു. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.