മേളപ്പെരുമയിൽ മൂന്ന് തലമുറ സംഗമം, വാദ്യമേളത്തിൽ ശ്രദ്ധേയമായി കുടുംബം

Saturday 06 December 2025 12:07 AM IST

തൃശൂർ: ചെണ്ടയിൽ പതിഞ്ഞ താളത്തിൽ കൊട്ടിക്കയറി ആവേശപ്പെരുക്കം തീർക്കുകയാണ് മച്ചാട് ഉണ്ണിമാരാരും കുടുംബവും. മേളപ്പെരുമയിൽ മൂന്ന് തലമുറകളുടെ വാദ്യവിന്യാസം. ഉണ്ണിമാരാരെ കൂടാതെ മകൻ,​ മകന്റെ ഭാര്യ,​ ഇവരുടെ രണ്ട് പെൺമക്കൾ. കൊമ്പിനും കുഴലിനും പേരുകേട്ട തൃശൂർ തെക്കുംകര മാമാങ്ക നാട്ടിലാണ് കുടുംബത്തിന്റെ മേളപ്പെരുക്കം.

ആറ് പതിറ്റാണ്ടിലേറെയായി വാദ്യരംഗത്ത് നിറഞ്ഞുനിൽക്കുന്ന മച്ചാട് കുമരിയിൽ ഉണ്ണിമാരാരും മുപ്പത് വർഷത്തിലേറെയായി പാണ്ടിയിലും പഞ്ചാരിയിലും തായമ്പകയിലും നിറസാന്നിദ്ധ്യമായ മകൻ രഞ്ജിത്തും വാദ്യകലാരംഗത്ത് ശ്രദ്ധേയരാണ്. അവർക്കു പിന്നാലെയാണ് രഞ്ജിത്തിന്റെ

ഭാര്യ മിഥിലയും മക്കളായ എട്ടു വയസുകാരി മാളവികയും ആറു വയസുള്ള അനാമികയും ഈ രംഗത്തേക്ക് കടന്നുവന്നത്.

രഞ്ജിത്ത് തിമിലയിലും ഇടയ്ക്കയിലും സോപാന സംഗീതത്തിലും കഴിവ് തെളിയിച്ചയാളാണ്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള മേളത്തിന് ഇപ്പോൾ ഭാര്യയുടേയും മക്കളുടേയും സാന്നിദ്ധ്യമുണ്ട്. മിഥിലയും മാളവികയും ഒരു വർഷം മുമ്പാണ് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചത്. തായമ്പകയിലും ഇവർ അരങ്ങേറ്റം കുറിച്ചു. ആറുമാസം മുമ്പ് അനാമികയും വാദ്യലോകത്തേക്ക് ചുവടുവച്ചു.

രഞ്ജിത്തിന് നൂറുകണക്കിന് ശിഷ്യന്മാരുണ്ട്. അച്ഛനിൽ നിന്നാണ് മേളകലയുടെ ബാലപാഠം നുകർന്നത്. ഇപ്പോൾ വാദ്യകലാ അക്കാഡമിക്കും തുടക്കം കുറിച്ചിട്ടുണ്ട്.

''വാദ്യകലയിലേക്ക് നിരവധി പേരെ കൊണ്ടുവരാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. അതിനൊപ്പം കുടുംബവുമുണ്ട്

-മച്ചാട് രഞ്ജിത്ത്