ശബരിമല സ്വർണക്കൊള്ള വൻതോക്കുകളുടെ വാതിൽ തുറക്കാതെ അന്വേഷണ സംഘം
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ രണ്ട് മുൻ പ്രസിഡന്റുമാരടക്കം ആറുപേരെ പിടികൂടിയെങ്കിലും, ശബരിമല സ്വർണക്കൊള്ളയുടെ സൂത്രധാരന്മാരായ വൻതോക്കുകൾക്ക് മുന്നിൽ മുട്ടിടിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വർണക്കൊള്ളയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് തിരക്കഥ ഉണ്ടാക്കിയവരെയാണ് കണ്ടെത്തേണ്ടത്.
പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പോറ്റിയുമായി ബന്ധപ്പെട്ട വൻതോക്കുകൾ പുറത്തുവരാനുണ്ടെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഉന്നതരുടെ പദ്ധതികൾക്കൊപ്പം നിൽക്കുകയായിരുന്നു ഇതുവരെ പിടിയിലായ പ്രതികളെന്നാണ് വിലയിരുത്തൽ.
സ്വർണക്കൊള്ളയ്ക്ക് ആസൂത്രണം നടത്തിയതും പദ്ധതി ഉണ്ടാക്കിയതുമെല്ലാം ഇനിയും വെളിച്ചത്തു വരാനുള്ള ഉന്നതരാണ്. ഇക്കൂട്ടത്തിൽ രാഷ്ട്രീയ ഉന്നതരുമുണ്ടെന്നും ആരോപണമുണ്ട്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ പിടികൂടിയിട്ട് 16 ദിവസമായി. ദ്വാരപാലക ശില്പപാളിക്കേസിൽ കൂടി പത്മകുമാറിനെ പ്രതിചേർത്തതല്ലാതെ കാര്യമായ നടപടികളൊന്നുമില്ല.
ഗൂഢാലോചനയും
കണ്ടെത്താനായില്ല
സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിൽ നടന്നെന്നും പോറ്റിയുമായി സാമ്പത്തിക, ഭൂമിയിടപാട് നടന്നെന്നും എസ്.ഐ.ടി പറഞ്ഞെങ്കിലും ആ വഴിക്ക് വിശദമായ അന്വേഷണമുണ്ടായിട്ടില്ല. സ്വർണം പൊതിഞ്ഞതാണെന്ന് എക്സിക്യുട്ടീവ് ഓഫീസറുടെ കത്തിലുണ്ടായിരുന്നിട്ടും അത് തിരുത്തി ചെമ്പുപാളികൾ എന്നാക്കിയത് ആരുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും കണ്ടെത്തേണ്ടതുണ്ട്.