പുറത്താക്കിയിട്ടും രാഹുൽ കോൺഗ്രസിന് ഒഴിയാബാധ

Saturday 06 December 2025 12:14 AM IST

തിരുവനന്തപുരം: ലൈംഗികാരോപണത്തിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നു പുറത്താക്കി കൈ കഴുകിയെങ്കിലും കോൺഗ്രസിന് ഒഴിയാബാധയാവുന്നു.. പത്ത് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുലിന് ഒത്താശ ചെയ്യുന്നത് കോൺഗ്രസിലുള്ളവർ തന്നെയെന്ന ആക്ഷേപമാണ് ഉയരുന്നത്.കർണാടകയിലെ ഒരു കോൺഗ്രസ് നേതാവാണ് അവിടെ ഒളിത്താവളമൊരുക്കിയതെന്നും പ്രചരിക്കുന്നു.

ഹൈക്കോടതിയെ സമീപിച്ച രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

രാഹുൽ പുറത്തായെങ്കിലും കോൺഗ്രസിനെ ആക്രമിക്കാനുള്ള മുഖ്യ ആയുധമാക്കി സി.പി.എം ഈ വിഷയത്തെ മാറ്റുകയാണ്. കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ ഈ വിഷയങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ,എന്നിട്ടും ഭാവിയിലെ നിക്ഷേപമെന്നു വിശേഷിപ്പിച്ച് അയാളെ അവതരിപ്പിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ചിലർ രാഹുലിന് സംരക്ഷണം ഒരുക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസ് പാർട്ടിയുടെ ചില എം.എൽ.എമാർ ജയിലിലടക്കം കിടന്നിട്ടുണ്ട്. അവരെ പാർട്ടി പുറത്താക്കിയിട്ടുണ്ടോയെന്ന ചോദ്യവും പിണറായി ഉന്നയിച്ചത് ,സി.പി.എം ആക്രമണത്തിന്റെ രീതിയാണ് വ്യക്തമാക്കുന്നത്.

എന്നാൽ ഒളിവിൽ കഴിയുന്ന രാഹുലിന്റെ അറസ്റ്റ് പരമാവധി വൈകിപ്പിക്കാനുള്ള ശ്രമമാണ്

പൊലീസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു. പെൺകുട്ടി പരാതി നൽകുന്ന വിവരം തലേ ദിവസമേ മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നു. എന്നിട്ടും അറസ്റ്റുണ്ടാവാതിരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലക്കൊള്ള ചർച്ചയാവാതിരിക്കാൻ വേണ്ടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അതേ സമയം.രാഹുൽ ഇപ്പോൾ പാർട്ടിക്ക് പുറത്തായതിനാൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രതികരിക്കേണ്ടെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്..