രാഹുലിനെതിരായ രണ്ടാം കേസ് : അന്വേഷണം എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ

Saturday 06 December 2025 12:18 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ രണ്ടാമത്തെ പീഡനക്കേസിൽ അന്വേഷണം പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരിക്കും. ഡിവൈ.എസ്പി സജീവനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിലെത്തി ഉടൻ മൊഴിയെടുക്കുമെന്നാണ് വിവരം.

ബംഗളുരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. കേസുമായി മുന്നോട്ടു പോകാമെന്ന് യുവതി അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ വിവരങ്ങളടക്കം രഹസ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ലഭിച്ച പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിലാണ് രാഹുലിനെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

2023ൽ സമൂഹ മാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നും തുടർന്ന് രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി. 2023 ഡിസംബറിൽ സുഹൃത്തിന്റെ ഹോംസ്‌റ്റേയിലെത്തിച്ചാണ് പീഡിപ്പിച്ചത്. രാഹുലിന് സ്ഥിരം ജോലിയില്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല. രാഹുൽ യൂത്ത് കോൺ സംസ്ഥാന പ്രസിഡന്റായതോടെ കുടുംബം സമ്മതിച്ചു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചു വരുത്തി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ നഗരത്തിൽ നിന്ന് ദൂരെയുള്ള സ്ഥലത്തേക്ക് കൊണ്ടു പോയി. അനുവാദം കൂടാതെ ക്രൂരമായി മാനഭംഗം ചെയ്തെന്നാണ് പരാതി.