രാഹുലിന്റെ സ്റ്രാഫംഗങ്ങളെ വിട്ടയച്ചു

Saturday 06 December 2025 12:20 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും വിട്ടയച്ചു. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലായിരുന്നു ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു ആവശ്യം. സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. എവിടെയെന്ന് പൊലീസ് അറിയിക്കുന്നില്ല. രാഹുൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല. പൊലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്നും ഫസൽ എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രണ്ടുപേരെയും വിട്ടയച്ചത്.