മുന്നറിയിപ്പ് നൽകി, അവഗണിച്ചു!

Saturday 06 December 2025 12:22 AM IST

കൊല്ലം: 'സർവീസ് റോഡിൽ ചെറിയ വിള്ളൽ കണ്ടപ്പോൾത്തന്നെ അവിടെ ഉണ്ടായിരുന്ന ജോലിക്കാരോട് പറഞ്ഞതാണ്, ആരും ശ്രദ്ധിച്ചില്ല...'- കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നഴിസിംഗ് വിദ്യാർത്ഥിയായ മകളെ വിളിക്കാൻ വൈകിട്ട് 3.40 ഓടെ പോകുമ്പോഴാണ് കൊട്ടിയം സ്വദേശിയായ രാധാകൃഷ്ണൻ അടിപ്പാതയ്ക്ക് മുൻപ് അല്പം മാറി ചെറിയ വിള്ളൽ കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ അവിടെ ഉണ്ടായിരുന്ന ജോലിക്കാരോട് എൻജിനീയരെ വിവരം അറിയിക്കാൻ പറഞ്ഞു. തുടർന്ന് മകളെ വിളിക്കാനായി പോയി. മിനിറ്റുകൾ കഴിഞ്ഞ് ഫോണിൽ നോക്കുമ്പോൾ ദേശീയപാതയുടെ പാർശ്വഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു എന്ന വിവരം അറിഞ്ഞു. തിരികെ എത്തിയപ്പോഴേക്കും വലിയ ജനക്കൂട്ടം തന്നെ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.

 ഞെട്ടൽ മാറാതെ നാട്

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും നാട് മുക്തമായിട്ടില്ല. അപകട സ്ഥലത്ത് ഉയരത്തിലാണ് ഇപ്പോൾ ദേശീയപാതയുടെ നിർമ്മാണം നടക്കുന്നത്. അതിനാൽ ഇരുഭാഗത്തെയും സർവീസ് റോ‌ഡുകൾ വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പാർശ്വഭിത്തിയോട് ചേർന്നാണ് ഇരുചക്രവാഹനങ്ങളടക്കം പോകുന്നത്. അപകടം നടക്കുന്ന സമയം ഇതുവഴി കടന്നുപോവുകയായിരുന്ന മൂന്ന് കാറുകളും കൊട്ടിയത്തെ സ്വകാര്യ സ്കൂളിലെ ബസും റോ‌ഡിലെ വിള്ളലിൽ കുടുങ്ങി. ബസ് ചരിഞ്ഞപ്പോൾ തന്നെ ബസിലുണ്ടായിരുന്ന ആയയും ഡ്രൈവറും ചേർന്ന് അതിവേഗം കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാറുകളിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. സർവീസ് റോഡിന് പുറത്തും നിലം വീണ്ടുകീറി. റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകളടക്കം ചരിഞ്ഞു.

 എങ്ങനെ യാത്ര ചെയ്യും?

വാഹനങ്ങൾ തിങ്ങി നിറഞ്ഞ് പോകുമ്പോഴാണ് ഇടിഞ്ഞ് താഴ്ന്നതെങ്കിൽ അപകടത്തിന്റെ തീവ്രത കൂടുമായിരുന്നു എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇനി എത്രപേരുടെ ജീവൻ ബലികൊടുക്കേണ്ടി വരുമെന്നും എങ്ങനെ വിശ്വസിച്ച് യാത്ര ചെയ്യുമെന്നുമാണ് ചോദ്യം.

 മണിക്കൂറുകളുടെ പരിശ്രമം

വിള്ളലിൽ കുടുങ്ങിയ സ്കൂൾ ബസും കാറുകളും ക്രെയിൻ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാറ്റിയത്. അപകടസാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് റിബൺ കെട്ടി പൊലീസ് നാട്ടുകാരൽ നിയന്ത്രിച്ചു. മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളെ കൊട്ടിയത്ത് നിന്ന് കണ്ണനല്ലൂർ വഴി തിരിച്ചുവിട്ടു.