മറന്നു, മണ്ണിനെ പഠിക്കാൻ...
നാടിന് ഭീതിയായി ദേശീയപാതയിലെ തകർച്ച
കൊല്ലം: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനിടെ കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ പലേടത്തും വിള്ളലുകളും പൊട്ടലും മണ്ണിരുത്തലും ഉണ്ടായെങ്കിലും അധികൃതർ അത് അത്ര ഗൗരവത്തിൽ എടുത്തിരുന്നില്ല. ഇതിനിടെയാണ്, നാടിനെയൊന്നാകെ ആശങ്കപ്പെടുത്തും വിധം ഇന്നലെ മൈലക്കാട് വൻ തകർച്ച ഉണ്ടായത്. മണ്ണിനെ പഠിക്കാതെ നടത്തിയ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളാണ് അപകടത്തിന്റെ അടിസ്ഥാന കാരണം.
സുരക്ഷ ഭീഷണിക്കാര്യം ജില്ലാ ഭരണകൂടം അടക്കം നിരന്തരം ഉന്നയിച്ചിട്ടും ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയും കാര്യമായ ഇടപെടൽ നടത്തിയില്ല. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കാവനാട് - കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണം. നിർമ്മാണത്തിനിടെ തകർന്ന റോഡിലെ കുഴികളിൽ അപകടത്തിൽപ്പെട്ട് നിരവധി പേർ മരിച്ചു. പലയിടങ്ങളിലും നിർമ്മാണം അനന്തമായി നീട്ടിയത് മാസങ്ങളോളം ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. നിർമ്മാണത്തിനായി എടുത്ത കുഴികൾക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കാറില്ലായിരുന്നു. ഇപ്പോൾ റോഡ് തകർന്ന മൈലക്കാട് അടക്കം വാഹനങ്ങൾ കുഴിയിൽ വീണിരുന്നു. സർവ്വീസ് റോഡിൽ യാതൊരു ഗതാഗത നിയന്ത്രണവും ഏർപ്പെടുത്താതെയാണ് പലയിടങ്ങളിലും ഉയരപ്പാതയുടെ ആർ.ഇ വാൾ പാനൽ അടക്കം സ്ഥാപിക്കുന്നത്.
ഭീതിയായി ഉയരപ്പാത
മഴ പെയ്യുമ്പോൾ ഉയരപ്പാതയുള്ള സ്ഥലങ്ങളിൽ സർവ്വീസ് റോഡിലൂടെ ഭീതിയോടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. നിർമ്മാണം പൂർത്തിയാകാത്ത ഉയരപ്പാതയ്ക്കുള്ളിൽ വെള്ളം കെട്ടി ആർ.ഇ വാൾ പാനലുകൾക്കിടയിലൂടെ സർവ്വീസ് റോഡിലേക്ക് പതിക്കുന്നത് പതിവാണ്. വെള്ളം ആർ.ഇ വാൾ പാനലുകൾക്കിടയിലിറങ്ങി തകർന്നു വീഴുമെന്ന ഭീതിയും യാത്രക്കാർക്കുണ്ട്.
ആയിരങ്ങൾക്ക് കുടിവെള്ളം മുടങ്ങും
മൈലക്കാട് ദേശീയപാത തകർന്നതിനൊപ്പം മീനാട് നിന്നുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും പൊട്ടിയതിനാൽ മയ്യനാട് പഞ്ചായത്തിൽ പൂർണമായും ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലെയും കൊല്ലം കോർപ്പറേഷന്റെ പകുതിയോളം സ്ഥലങ്ങളിലും കുടിവെള്ള വിതരണം മുടങ്ങും.
ദേശീയപാത വികസനത്തിന്റെ കരാറിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കലും ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെ കരാർ കമ്പനി തന്നെ സർവ്വീസ് റോഡിനടിയിൽ സ്ഥാപിച്ചിരുന്ന 350 എം.എം ഡി.ഐ പൈപ്പാണ് പൊട്ടിയത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മീനാടുള്ള ടാങ്കിൽ നിന്ന് കൊല്ലം നഗരത്തിലേക്കും മയ്യനാട്, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രദേശങ്ങളിലേക്കും വെള്ളമെത്തുന്നത് ഈ പൈപ്പ് ലൈൻ വഴിയാണ്. കൊട്ടിയത്തുള്ള രണ്ടും പഴയാറ്റിൻ കുഴിയിലുള്ള ഒരു ടാങ്കിലും സംഭരിച്ചാണ് വിതരണം. മീനാട് നിന്ന് അഞ്ച് എം.എൽ.ഡി വെള്ളമാണ് ഈ പൈപ്പ് ലൈൻ വഴി കൊല്ലം ഭാഗത്ത് പ്രതിദിനം എത്തിച്ചിരുന്നത്. ഇതിൽ മൂന്ന് എം.എൽ.ഡി കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ വരെയുള്ള കോർപ്പറേഷൻ പരിധിയിലെ വിതരണത്തിനാണ് ഉപയോഗിച്ചിരുന്നത്.
ഇത്തിക്കര ആറിന് മുൻപാണ് ഈ പൈപ്പിൽ വാൽവുള്ളത്. ആ വാൽവ് അടച്ച ശേഷം തൊട്ടുമുൻപുള്ള ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ മാത്രമാകും ഇതിൽ നിന്നുള്ള ജലവിതരണം. കൊല്ലം നഗരത്തിൽ പൈപ്പ് ലൈനിലൂടെ ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങളിൽ ശാസ്താംകോട്ടയിൽ നിന്നുള്ള ജലം ടാങ്കർ ലോറികളിൽ വിതരണം ചെയ്യാനാണ് വാട്ടർ അതോറിട്ടിയുടെ ആലോചന. പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം പുനരാരംഭിക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലുമെടുക്കും.
ഇന്നലെയും മുടങ്ങി
പുനലൂരിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ അറക്കുറ്റപ്പണി നടക്കുന്നതിനാൽ ഇന്നലെ ഈ പൈപ്പിലൂടെ ജലവിതരണം ഇല്ലായിരുന്നു. ഇറക്കമായതിനാൽ പൈപ്പിനുള്ളിൽ കെട്ടിക്കിടന്ന വെള്ളമാണ് റോഡ് തകർന്നപ്പോൾ അതിനുള്ളിൽ ഒഴുകിനിറഞ്ഞത്.
ഇന്ന് അടിയന്തര യോഗം
തകർന്ന ദേശീയപാതയുടെ പുനർനിർമ്മാണം, പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവ വേഗത്തിലാക്കാൻ കളക്ടർ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ മേധാവിമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശമുണ്ട്.
.......................................
സംഭവങ്ങളുടെ പരമ്പര
വ്യാപകമായി പൈപ്പ് പൊട്ടൽ പൊട്ടുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണി വൈകൽ ചാത്തന്നൂരിൽ ഗർഡർ തകർന്ന് തൊഴിലാളികൾക്ക് പരിക്ക് കൊട്ടിയത്ത് ആർ.ഇ വാൾ പാനൽ സ്കൂട്ടർ യാത്രക്കാരിക്ക് മുകളിലേക്ക് വീണു ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ മുകളിലൂടെ മണ്ണിട്ടു മണ്ണിനടിയിൽ കുടുങ്ങിയ ബീഹാർ സ്വദേശി മരിച്ചു പാലത്തറയിൽ സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്നു കൊട്ടിയത്തും ചാത്തന്നൂരിലും ഉയരപ്പാതയിൽ വിള്ളൽ പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്
അയത്തിലിൽ കോൺക്രീറ്റിംഗിനിടെ പാലം തകർന്നു