ഈ തിരഞ്ഞെടുപ്പ് സെമി മാത്രം
Saturday 06 December 2025 12:24 AM IST
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനൽ മാത്രമാണെന്നും നിയമസഭ തിരഞ്ഞെടുപ്പാണ് ഫൈനലെന്നും മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊല്ലം പ്രസ് ക്ളബ്ബിൽ 'ദേശപ്പോര്' സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം യു.ഡി.എഫ് കാലേക്കൂട്ടി നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാവുകയാണ്. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ളീം ലീഗ്. പാർട്ടി മുന്നണിവിടുമെന്ന തരത്തിൽ ആരും മനപ്പായസം ഉണ്ണേണ്ടതില്ല. എൽ.ഡി.എഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന പി.വി.അൻവർ യു.ഡി.എഫിന്റെ ഭാഗമാകണമെന്നാണ് പാർട്ടി നിലപാട്. യു.ഡി.എഫിൽ ചേർക്കുന്ന കാര്യം മുന്നണി കൂട്ടായിട്ടാണ് തീരുമാനിക്കേണ്ടത്. വെൽഫെയർ പാർട്ടി രാഷ്ട്രീയ നിലപാടിൽ മാറ്റംവരുത്തി യു.ഡി.എഫിനെ സഹായിക്കുന്നുണ്ട്. എന്നാൽ അവർ സഖ്യകക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു.