വിജിലൻസ് ശുപാർശ, എയ്ഡഡ് സ്കൂൾ തലയെണ്ണൽ: വേണം കളക്ടറുടെ സമിതി

Saturday 06 December 2025 1:30 AM IST

 ഡി.ഇ.ഒമാരിൽ നിന്ന് മാറ്റണം

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അദ്ധ്യാപക തസ്തികനിർണയത്തിന് കുട്ടികളുടെ തലയെണ്ണുന്ന ചുമതല ഡി.ഇ.ഒമാരിൽ നിന്ന് മാറ്റി സ്വതന്ത്ര സംഘത്തെ ഏൽപ്പിക്കണമെന്ന് സർക്കാരിന് വിജിലൻസ് മേധാവി മനോജ് എബ്രഹാം ശുപാർശ നൽകി. ജില്ലാകളക്ടറും ഡി.ഇ.ഒയും ശുപാർശചെയ്യുന്ന ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാവണം. ഓപ്പറേഷൻ 'ബ്ലാക്ക്ബോർഡ്" എന്നപേരിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിൽ ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണിത്.

ആറാംപ്രവൃത്തിദിനത്തിൽ രേഖപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം, വിലാസം, അനുവദിക്കപ്പെട്ട അദ്ധ്യാപകരുടെഎണ്ണം തുടങ്ങിയ വിവരങ്ങൾ സ്കൂളുകളുടെയും വിദ്യാഭ്യാസ ഓഫീസുകളുടെയും വെബ്സൈറ്രിൽ പ്രസിദ്ധീകരിക്കണം. സി.ബി.എസ്.ഇ, അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ആധാറുപയോഗിച്ച് എയ്ഡഡ് സ്കൂളുകളിൽ യു.ഐ.ഡി സൃഷ്ടിക്കുന്നത് തടയാൻ കുട്ടികളുടെ ആധാർ വിവരങ്ങൾ പരിശോധിക്കണം. വിദ്യാർത്ഥികൾക്ക് പ്രവേശന സമയത്ത് നൽകുന്ന യു.ഐ.ഡി ഓഡിറ്റിംഗ് നടത്താൻ സ്ഥിരംസംവിധാനമൊരുക്കണം. വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ച് സ്കൂൾഅധികൃതർ എല്ലാവർഷവും വിജിലൻസിന് സത്യവാങ്മൂലം നൽകണം.

നിയമനങ്ങൾ കൈകാര്യം ചെയ്യുന്ന ക്ലാർക്കുമാർ ഒരേസെക്ഷനിൽ രണ്ടുവർഷത്തിലേറെ പാടില്ല. റീജിയണൽ ഡയറക്ടർ, ഡി.ഇ.ഒ, അഡി. ഡയറക്ടർ ഓഫീസുകളിലെ അപേക്ഷകളെക്കുറിച്ചും അവയിലെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും എല്ലാമാസവും പരിശോധിക്കണം. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപക, അനദ്ധ്യാപകരുടെ പരാതി പരിഹാരത്തിന് സംസ്ഥാനതല സെല്ലുണ്ടാക്കണം. ഇൻക്രിമെന്റ്, പി.എഫ്‌ തുക പിൻവലിക്കലടക്കം അപേക്ഷകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണം.

അപേക്ഷകളിൽ തത്സമയ നിരീക്ഷണം ഉറപ്പാക്കാൻ സമന്വയ പോർട്ടൽ നവീകരിക്കണം. സ്കൂൾ മാനേജർക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും അപേക്ഷയിലെ തത്‌സ്ഥിതി മനസിലാക്കാനാവണം. തീരുമാനമെടുക്കാൻ കാലതാമസമുണ്ടായാൽ കാരണം പോർട്ടലിൽ വ്യക്തമാക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തമാക്കണം. ഇടയ്ക്കിടെ മിന്നൽപരിശോധനകൾ നടത്തണം. ജില്ലാതലത്തിൽ ആഭ്യന്തരവിജിലൻസ് സംവിധാനമുണ്ടാക്കണം. ഭിന്നശേഷി സംവരണ നിയമനങ്ങൾ ഓൺലൈനായി പരിശോധിക്കാൻ സംവിധാനമൊരുക്കണമെന്നും വിജിലൻസ് ശുപാർശചെയ്തു.

 അടിമുടി തരികിട

 ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേന്ദ്രീയ വിദ്യാലയങ്ങളിലെയും അൺഎയ്ഡഡ് സ്കൂളുകളിലെയും കുട്ടികൾ പ്രവേശനം നേടിയതായി വ്യാജരേഖയുണ്ടാക്കുന്നു

 തലശേരിയിലെ സ്കൂളിൽ ഒരു ക്ലാസിൽ 28കുട്ടികൾ പഠിക്കുന്നതായി വ്യാജരേഖയുണ്ടാക്കി. ക്ലാസിൽ 9കുട്ടികൾ മാത്രമേയുള്ളൂവെന്ന് വിജിലൻസ് കണ്ടെത്തി.

എയ്ഡഡിൽ പഠിക്കുന്നത്

ലക്ഷക്കണക്കിന് കുട്ടികൾ

10-ാംക്ലാസ് വരെയുള്ള സ്കൂളുകൾ

7,216

വിദ്യാർത്ഥികൾ

21,58,452

ഹയർസെക്കൻഡറി സ്കൂളുകൾ

846

വിദ്യാർത്ഥികൾ

3,88,066

വി.എച്ച്.എസ്.ഇ സ്കൂളുകൾ

128

വിദ്യാർത്ഥികൾ

20,634

 കൈക്കൂലിവാങ്ങി ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നത് അതീവഗൗരവമുള്ളതാണ്. ശക്തമായ നടപടിയുണ്ടാവും.

- മനോജ് എബ്രഹാം,

വിജിലൻസ് മേധാവി