അദ്ധ്യാപകർ ദിവസവേതനം തിരിച്ചടക്കേണ്ട
തിരുവനന്തപുരം: സ്ഥിരനിയമനം ലഭിച്ച എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകർ ദിവസവേതനമായി കൈപ്പറ്റിയ തുക ഇനി തിരിച്ചടക്കേണ്ട. നിയമനം റഗുലറൈസ് ചെയ്യുമ്പോൾ ലഭിക്കുന്ന കുടിശിക ശമ്പളത്തിൽ നിന്ന് അദ്ധ്യാപകർ ദിവസ വേതനത്തിൽ കൈപ്പറ്റിയ തുക കുറച്ച് ബാക്കി തുക അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ. ഇതോടെ നിയമനാംഗീകാരം ലഭിക്കുമ്പോൾ ദിവസവേതനാടിസ്ഥാനത്തിൽ കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചടക്കണമെന്നും ലഭിക്കുന്ന കുടിശിക മുഴുവൻ പി.എഫിൽ ലയിപ്പിക്കണമെന്നുമുള്ള പ്രശ്നത്തിന് പരിഹാരമായി. ദിവസവേതനമായി കൈപ്പറ്റിയ തുക മുഴുവനും തിരിച്ചടച്ചാൽ മാത്രമേ ശമ്പള സ്കെയിൽ പ്രകാരമുള്ള തുക നൽകൂവെന്ന് നിർദേശം നൽകരുത്. നിയമന തീയതി മുതൽ നിയമനാംഗീകാരം (ശമ്പള സ്കെയിലിൽ) നൽകികൊണ്ടുള്ള ഉത്തരവിന്റെ തീയതി വരെ ശമ്പള സ്കെയിലിൽ ലഭിക്കേണ്ട തുകയിൽ നിന്ന് ദിവസ വേതനത്തിൽ കൈപ്പറ്റിയ തുക കുറച്ചിട്ട് ബാക്കിയുള്ള കുടിശികയാണ് പിഎഫി-ൽ ലയിപ്പിക്കേണ്ടത്. ശമ്പള കുടിശിക നൽകുന്നതിൽ സ്‌പാർക്കിൽ എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കിൽ ട്രഷറി ഓഫീസർ, സ്‌പാർക്ക് നോഡൽ ഓഫീസർ എന്നിവരുമായി ബന്ധപ്പെട്ട് പരിഹരിക്കണം. ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടി ആവശ്യമുണ്ടെങ്കിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ പരിശോധിച്ചു വിശദമായ റിപ്പോർട്ട് അനുബന്ധ രേഖകൾ സഹിതം പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ നൽകണമെന്നും സർക്കുലറിൽ പറയുന്നു.