228 സർക്കാർ സ്കൂളിൽ 10ൽ താഴെ കുട്ടികൾ

Saturday 06 December 2025 1:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 228 സർക്കാർ സ്കൂളുകളിൽ 10ൽ താഴെ വിദ്യാർത്ഥികൾ മാത്രം. ഇവിടെ ജോലി ചെയ്യുന്നത് 545 അദ്ധ്യാപകർ! കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടാണിത്.

കഴിഞ്ഞ മൂന്ന് അദ്ധ്യയന വർഷമായി ഇത്തരം സ്കൂളുകളുടെ എണ്ണം നന്നായി കുറയുന്നുണ്ട്. 2022-2ൽ പത്തിൽ താഴെ വിദ്യാർത്ഥികളുള്ള സർക്കാർ സ്‌കൂളുകൾ 348 ആയിരുന്നു. 2023-24ൽ 268 ആയി കുറഞ്ഞു. വീണ്ടും കുറഞ്ഞാണ് ഇക്കൊല്ലം 228ലെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള പദ്ധതികളിലൂടെ കൂടുതൽ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുന്നതാണ് കാരണം. ഇവിടങ്ങളിലെ അദ്ധ്യാപകരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വരുത്തി. 2022-23ൽ 2040 പേരുണ്ടായിരുന്നതാണ് 545 ആയി കുറച്ചത്.

വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിന് കാരണം അടുത്തുള്ള വലിയ സ്‌കൂളുകളിലേക്കുള്ള മാറ്റം, കുടുംബങ്ങൾ സ്ഥലം മാറിപ്പോകുന്നത്, ജനന നിരക്കിലെ കുറവ് തുടങ്ങിയവയാണ്. കുറഞ്ഞ വിദ്യാർത്ഥികളുള്ള സ്‌കൂളുകൾ അടച്ചുപൂട്ടേണ്ടെന്നാണ് സർക്കാർ നയം.

206 സ്‌കൂൾ കുറഞ്ഞു കഴിഞ്ഞ അഞ്ച് അദ്ധ്യയന വർഷങ്ങൾക്കിടെ സർക്കാർ വിദ്യാലയങ്ങളിൽ 206 എണ്ണത്തിന്റെ കുറവ് വന്നു. 2019-20 ൽ 5014 സർക്കാർ സ്‌കൂളുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 4808 എണ്ണമേയുള്ളൂ. ഒറ്റയടിക്ക് 200 സ്‌കൂളുകളുടെ കുറവാണ് ഈ വർഷം സംഭവിച്ചത്. കുറഞ്ഞ വിദ്യാർത്ഥികളുള്ള അൺഎക്കണോമിക് സ്‌കൂളുകൾ ലയിപ്പിച്ചതാണ് കുറവിന് പ്രധാന കാരണം

കേന്ദ്രത്തിന്റെ റിപ്പോർട്ട് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. പരിശോധിച്ച് നടപടിയുണ്ടാകും

വി.ശിവൻകുട്ടി,

വിദ്യാഭ്യാസ മന്ത്രി