അണ്ണൻ,രാമൻ,മീൻ... കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തിരുന്നതിങ്ങനെ?  നടി കേസിൽ രഹസ്യവിചാരണയിലെ വിവരങ്ങൾ പുറത്ത്

Saturday 06 December 2025 1:39 AM IST

കൊച്ചി: രണ്ടാം വിവാഹത്തിനുമുമ്പ് ദിലീപ് കാവ്യാമാധവന്റെ നമ്പർ ഫോണിൽ സേവ് ചെയ്തിരുന്നത് പല പേരുകളിൽ. അണ്ണൻ,രാമൻ, വ്യാസൻ,ആർ.യു.കെ,മീൻ എന്നീ പേരുകളിലാണ് സേവ് ചെയ്‌തിരുന്നത്. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ 'ദിൽ കാ",'കാ ദിൽ" പേരുകളിലായിരുന്നു കാവ്യയുടെ നമ്പർ. തിങ്കളാഴ്ച വിധി വരാനിരിക്കേ രഹസ്യവിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ആദ്യഭാര്യ മഞ്ജുവാര്യർ, ദിലീപ് -കാവ്യ ബന്ധം 2012ൽത്തന്നെ തിരിച്ചറിഞ്ഞെന്നും പ്രോസിക്യൂഷൻ പറയുന്നുണ്ട്. ദിലീപിന് പല നമ്പരുകളിൽനിന്നായി സന്ദേശം വരുന്നത് മഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയതോടെ ഗീതുമോഹൻദാസിനും സംയുക്ത വർമ്മയ്ക്കുമൊപ്പം മഞ്ജു ഈ കേസിലെ അതിജീവിതയുമായി കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തലുണ്ട്. പ്രോസിക്യൂഷന്റേത് കെട്ടുകഥകളാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് 8ന് കേസിൽ വിധി പറയുന്നത്. പ്രതികൾ കുറ്റക്കാരാണോ എന്നതിലാകും ആദ്യം വിധി. തുടർന്നാകും ശിക്ഷാവിധി. ശിക്ഷയുണ്ടെങ്കിൽ പ്രതികളുടെ ഭാഗവും കേൾക്കും. 10പ്രതികളുള്ള കേസിൽ പൾസർസുനി ഒന്നാംപ്രതിയും ദിലീപ് എട്ടാംപ്രതിയുമാണ്. 2017 ഫെബ്രു.17നായിരുന്നു നടി ആക്രമിക്കപ്പെട്ടത്.

വിരോധത്തിന് കാരണം

തന്നേയും കാവ്യയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് ദിലീപ് സംശയിച്ചു. മഞ്ജുവിനെ അറിയിച്ചതോടെ ആദ്യവിവാഹബന്ധം തകർന്നു. 2013ൽ 'അമ്മ" റിഹേഴ്‌സൽ ക്യാമ്പിൽ കാവ്യയെ അതിജീവിത അപമാനിച്ചു. തുടർന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയർ തകർക്കാൻ പലമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. പൾസർ സുനിയുമായി ഗൂഢാലോചന നടത്തി ദിലീപ് ഒന്നരക്കോടിരൂപ വാഗ്ദാനംചെയ്ത് ക്വട്ടേഷൻ നൽകിയെന്നുമാണ് പ്രോസിക്യൂഷന്റെ കണ്ടത്തൽ.