12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലം: കൊല്ലം നഗരത്തിൽ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ഇത്തിക്കര മീനാട് വയലിൽ പുത്തൻവീട്ടിൽ രാഹുൽ (23), തഴുത്തല മൈലക്കാട് നോർത്ത് കമലാസദനത്തിൽ സുഭാഷ് ചന്ദ്രൻ (27) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി ഡാൻസഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.
രണ്ട് ബാഗുകളിലായി ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇരുവരും പിടിയിലായത്. ഒഡീഷയിൽ നിന്നു കഞ്ചാവ് കൊല്ലം നഗരത്തിൽ ചില്ലറ വിൽപ്പനക്കാർക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊല്ലം ഈസ്റ്റ് എസ്.ഐമാരായ പുഷ്പകുമാർ, സരിത, ഡാൻസാഫ് എസ്.ഐ രഞ്ജു, ബൈജു ജെറോം, ഹരി, ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി മറ്റു പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കൊല്ലം എ.സി.പി എസ്. ഷെറീഫ് അറിയിച്ചു