ബെവ്‌കോ തൊഴിലാളികളും ഗ്രാറ്റുവിറ്റിക്ക് അർഹർ
കൊച്ചി: സംസ്ഥാന ബീവറേജസ് കോർപറേഷനിലെ (ബെവ്‌കോ) അബ്കാരി തൊഴിലാളികൾക്കു പെയ്മെന്റ് ഒഫ് ഗ്രാറ്റുവിറ്റി നിയമപ്രകാരം ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. തൊഴിലാളികൾക്ക് 3മാസത്തിനകം ഗ്രാറ്റുവിറ്റി നൽകണമെന്നും ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി,ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. തൊഴിലാളികളെ ഗ്രാറ്റുവിറ്റി നിയമപരിധിയിൽനിന്ന് സർക്കാർ ഒഴിവാക്കാത്ത സാഹചര്യത്തിൽ ആനുകൂല്യം നൽകാൻ കോർപ്പറേഷന് ബാദ്ധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.സിംഗിൾബെഞ്ച് തള്ളിയതിനെതിരെ ബെവ്‌കോയിൽനിന്നു വിരമിച്ച ഒരു കൂട്ടം അബ്കാരി തൊഴിലാളികൾ അപ്പീൽ നൽകിയിരുന്നു. സിംഗിൾബെഞ്ച് വിധി റദ്ദാക്കുകയും ചെയ്തു. ഗ്രാറ്റുവിറ്റി കോർപ്പറേഷനിലെ റഗുലർ ജീവനക്കാർക്ക് മാത്രമാണെന്നും അബ്കാരി ക്ഷേമനിധി ബോർഡിന്റെ വിരമിക്കലാനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ബാധകമല്ലെന്നുമാണ് ബെവ്‌കോ വാദിച്ചത്. തൊഴിലാളികൾക്കുവേണ്ടി അഡ്വ.ദീപു തങ്കൻ ഹാജരായി.