ശബരിമല കൊള്ളയ്ക്കു പിന്നിൽ വൻതോക്കുകൾ: സതീശൻ

Saturday 06 December 2025 1:12 AM IST

തിരുവനന്തപുരം: ദേവസ്വം മന്ത്രിമാരും പത്മകുമാർ ദൈവതുല്യനെന്ന് വിശേഷിപ്പിച്ച ആളും ഉൾപ്പെടെയുള്ള വൻതോക്കുകളാണ് ശബരിമല കൊള്ളയ്ക്ക് പിന്നിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പ് കഴിയുംവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്.

രണ്ട് പ്രധാനപ്പെട്ട നേതാക്കൾ ജയിലിലായിട്ടും അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന വാശിയിലാണ് സി.പി.എം. ജയിലിലായവരെ ഭയന്ന് നിൽക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവിഹിത ബാന്ധവമുണ്ടെന്ന പ്രതിപക്ഷ ആരോപണം പാർലമെന്റിൽ തെളിഞ്ഞു. പി.എം ശ്രീയിൽ പാലമായത് ജോൺ ബ്രിട്ടാസാണെന്ന് വ്യക്തമായി.

റേപ്പ് കേസിൽ പ്രതിയായ എം.എൽ.എയോട് രാജിവയ്ക്കണമെന്നു പോലും സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. വീണ്ടും അധികാരത്തിൽ എത്തിയാൽ മുകേഷിനെ മന്ത്രിയാക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്. മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടി പരാതി നൽകുമെന്ന് തലേദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നു. സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാലും അറസ്റ്റ് നടന്നേനെ. അറസ്റ്റല്ല അവരുടെ ലക്ഷ്യം.ശബരിമല തട്ടിപ്പിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണ്.