തദ്ദേശ തിരഞ്ഞെടുപ്പ് കണ്ണൂർ രാഷ്ട്രീയ അക്രമങ്ങളുടെ നാടാണെന്ന ദുഷ്പേര് മാറ്റണം: ഹൈക്കോടതി

Saturday 06 December 2025 1:13 AM IST

കൊച്ചി: കണ്ണൂർ രാഷ്ട്രീയ അക്രമങ്ങളുടെ നാടാണെന്ന ദുഷ്പേര് മാറ്റാൻ തദ്ദേശ തിരഞ്ഞെടുപ്പ് അവസരമാക്കണമെന്ന് ഹൈക്കോടതി. കണ്ണൂരിലെ ജനങ്ങളും പൊലീസ് സംവിധാനവും ഉണർന്ന് പ്രവർത്തിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുന്ന നാടാണിതെന്ന് കാണിക്കണം. തിരഞ്ഞെടുപ്പിൽ ബൂത്ത് പിടിത്തമടക്കമുള്ള അട്ടിമറിക്ക് സാദ്ധ്യതയുള്ളതിനാൽ സുരക്ഷ വ‌ർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്നെത്തിയ ഹർജികൾ തീർപ്പാക്കിയാണ് കണ്ണൂർ സ്വദേശി കൂടിയായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. ഹർജിക്കാരിൽ ഏറെയും കണ്ണൂർ ജില്ലയിൽ നിന്നായിരുന്നു.

കണ്ണൂരുകാർ ആതിഥ്യമര്യാദയുള്ളവരും സന്ദർശകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കണക്കാക്കുന്നവരുമാണെന്ന് പൊതുവെ പറയാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011ലെ സെൻസസ് പ്രകാരം കണ്ണൂരിലെ മൊത്തം സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. എന്നിട്ടും കേരളീയർ എന്തുകൊണ്ടാണ് കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ നാടായി കാണുന്നതെന്ന ചോദ്യം ഉയർത്തിയ ശേഷമായിരുന്നു സിംഗിൾബെഞ്ചിന്റെ അഭിപ്രായം.

പ്രശ്ന ബാധിത ബൂത്തുകൾക്കുള്ള

മാർഗനിർദ്ദേശങ്ങൾ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെൻസിറ്റീവ് ബൂത്തുകളെന്ന് പറഞ്ഞ ഇടങ്ങളിൽ തത്സമയ ലൈവ് വെബ്കാസ്റ്റിംഗിനും അധിക പൊലീസ് വിന്യാസത്തിനും നടപടിയെടുക്കണം.

പോളിംഗ് ബൂത്തുകളിൽ വീഡിയോഗ്രഫി വേണമെന്നുള്ളവർക്ക് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപേക്ഷ നൽകണം. അപേക്ഷകരുടെ ചെലവിൽ വീഡിയോഗ്രഫിക്ക് അനുമതി നൽകാം. ഇതിനകം അപേക്ഷ നൽകിയവരുടേയും പരിഗണിക്കണം.

ഭീഷണി ഭയക്കുന്ന സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനുള്ളിൽ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകാം. നിയമപ്രകാരം അവർക്ക് സംരക്ഷണം നൽകണം.

 ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ അധിക പൊലീസ് സേനയെ വിന്യസിക്കാൻ സ്ഥാനാർത്ഥികൾക്കോ ഏജന്റുമാർക്കോ അപേക്ഷിക്കാം. നിജസ്ഥിതി ബോധ്യപ്പെട്ട് നടപടിയെടുക്കണം.