കെ.ജയകുമാറിനെ അയോഗ്യനാക്കാൻ ബി.അശോകിന്റെ ഹർജി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.അശോക് കോടതിയെ സമീപിച്ചത് സർക്കാരിന് തലവേദനയായി. ഐ.എം.ജി ഡയറക്ടറായിരിക്കേ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റത് ഇരട്ടപ്പദവിയാണെന്നാണ് ബി.അശോക് തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. ഐ.എം.ജിയിലെ ശമ്പള രേഖകൾ അടക്കമുള്ളവ ഹർജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, ഹർജിയിലെ ആരോപണം കെ.ജയകുമാർ നിഷേധിച്ചു. ഒരേ സമയം രണ്ടിടത്തു
നിന്ന് ശമ്പളം വാങ്ങുന്നില്ല. ഐ.എം.ജി ഡയറക്ടർ സ്ഥാനത്ത് തുടരുന്നത് പകരക്കാരൻ വരുന്നതു വരെ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പദവി ഒഴിയും. കോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.ജി ഡയറക്ടറായിരിക്കേ കഴിഞ്ഞ മാസമാണ് സർക്കാർ കെ.ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഐ.എം.ജി ഡയറക്ടർ സ്ഥാനം രാജി വയ്ക്കാത്തത് ചട്ടലംഘനമാണെന്ന് ബി.അശോക് പറഞ്ഞു.