ആമത്തൊട്ടിലിൽ വിരിഞ്ഞ് കടലിൽ ഇറങ്ങിയത് 3 ലക്ഷം ഒലീവ് റിഡ്‌ലി
കോഴിക്കോട്: വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി ആമകൾക്ക് കേരളം സുരക്ഷിത തീരമായി. 2019 മുതൽ ഏഴ് വർഷത്തിനിടെ മൂന്നു ലക്ഷത്തിലധികം ആമക്കുഞ്ഞുങ്ങളാണ് കേരളതീരങ്ങളിൽനിന്ന് കടലിലേക്ക് ഇഴഞ്ഞിറങ്ങിയത്. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ ഒരുക്കിയ 'ആമത്തൊട്ടിലാ'ണ് ആമകൾക്ക് സുരക്ഷിതതീരം ഒരുക്കിയത്.
കേരള തീരത്തെത്തുന്ന ഒരേയൊരു കടലാമ വിഭാഗമാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിലാണ് ഒലീവ് റിഡ്‌ലി മുട്ടയിടാനെത്തുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ തീരങ്ങളിലാണ് കൂടുതൽ കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്കയച്ചത്. വർഷം ശരാശരി 25,000 മുട്ടകൾ വിരിയിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.
വിവിധ ആമസംരക്ഷണ സമിതികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരാണ് ആമമുട്ടകൾ കണ്ടെത്തി 'ആമത്തൊട്ടിലി"ലേക്കു മാറ്റുന്നത്.
ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിലാണ് മണലിൽ ഒരടിയോളം താഴ്ചയിൽ കുഴിയെടുത്ത് ആമ മുട്ടയിടുന്നത്. കുഴി മണ്ണിട്ടുമൂടി ആമകൾ കടലിലേക്കു മടങ്ങും. കടലാമ സംരക്ഷണ പ്രവർത്തകർ മുട്ടകൾ ശേഖരിച്ച് താത്ക്കാലിക ഹാച്ചറികളിലേക്കു മാറ്റും. അതിന് സുരക്ഷിതമായ തീരത്ത് വല ഉപയോഗിച്ച് കൂടാരം കെട്ടും. അതിനുള്ളിൽ കുഴിയെടുത്ത് ഇരുമ്പുകൂടുകൾ സ്ഥാപിച്ചാണ് മുട്ടകൾ വിരിയാൻ സാഹചര്യം ഒരുക്കുന്നത്. നായ, കുറുക്കൻ, പരുന്ത് തുടങ്ങിയവയുടെ ശല്യം ഒഴിവാക്കാനാണിത്. മുട്ട വിരിഞ്ഞ് കടലിലേക്ക് തുറന്നുവിടാൻ പ്രാപ്തമാകുന്നതുവരെയുള്ള 40- 46 ദിവസം വനം വകുപ്പ് കൃത്യമായി മോണിറ്റർ ചെയ്യും.
ഒലീവ് റിഡ്‌ലി ഏഴ് വിഭാഗങ്ങളിലുള്ള കടലാമകളാണുള്ളത്. അതിൽ ഏറ്റവും കുഞ്ഞനാണ് ഒലീവ് റിഡ്ലി. ആയുസ് 100 വർഷം. പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലാണ് ഇവ കൂടുതലുള്ളത്. പുറന്തോടിന് ഒലിവിലയുടെ പച്ച കലർന്ന തവിട്ടുനിറവും അടിഭാഗത്തിന് ഇളം മഞ്ഞ നിറവുമാണ്. മുതുകിലും വശങ്ങളിലും ശൽക്കങ്ങളുണ്ടാകും. 20 വയസോടു കൂടിയാണ് മുട്ടയിടുന്നത്. വിരിഞ്ഞിറങ്ങുന്ന തീരത്തേക്കുതന്നെ ഇവ മുട്ടയിടാനും എത്തും.
''തീരത്തുണ്ടാകുന്ന മാറ്റങ്ങൾ കാരണം പലയിടത്തും ആമകൾക്ക് സുഗമമായി കയറിവരാനുള്ള സാഹചര്യമുണ്ടാകില്ല. എന്നാൽ, എത്തുന്നവയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്.''
- പ്രഭു പി.എം,
അസി,കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്