എൽ.ഡി.എഫ് പരിപാടിക്കിടെ കുഴഞ്ഞുവീണയാൾക്ക് രക്ഷകനായി ഡോക്ടർ
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കുഴഞ്ഞു വീണയാളുടെ ജീവൻ രക്ഷിച്ച് പ്രമുഖ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ. ജോ ജോസഫ്. വേദിയിലിരിക്കുകയായിരുന്ന ഡോ. ജോ ജോസഫ് പത്തനംതിട്ട സ്വദേശിയായ സജിയുടെ ജീവനാണ് രക്ഷിച്ചത്. ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നു കൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞു വീണയാളെ കസേരയിലിരുത്തി വേദിക്കു പിന്നിലേക്ക് പ്രവർത്തകർ ചുമന്നെത്തിച്ചത്. ഇതുകണ്ട ഡോ. ജോ ജോസഫ് രോഗിക്കരികിലെത്തി സി.പി.ആർ നൽകി. മൂന്നു തവണ സി.പി.ആർ. ആവർത്തിച്ചപ്പോൾ രോഗി സ്വയം ശ്വസിക്കാൻ തുടങ്ങുകയും ബോധം തിരിച്ചുകിട്ടുകയും ചെയ്തു.ഹൃദയാഘാതമാണെന്ന് മനസിലാക്കിയ ഡോ. ജോ ജോസഫ് മുഖ്യമന്ത്രിയുടെ അകമ്പടി ആംബുലൻസിൽ രോഗിയെ ആശുപത്രിയിലെത്തിച്ചു.ജോലി ആവശ്യത്തിനായി കൊച്ചിയിലെത്തിയ പത്തനംതിട്ട സ്വദേശിയാണ് കുഴഞ്ഞുവീണത്. രോഗി അപകടഘട്ടം പിന്നിട്ട ശേഷമാണ് ഡോക്ടർ സമ്മേളന സ്ഥലത്തേക്ക് മടങ്ങിയത്.