ദേശീപാത നിർമ്മാണത്തിൽ അഴിമതി : കെ.സി.വേണുഗോപാൽ
Saturday 06 December 2025 1:34 AM IST
ആലപ്പുഴ: നിർമ്മാണ പ്രവൃത്തികളിൽ ദേശീയപാത അതോറിട്ടിയുടെ അനാസ്ഥ ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ചാത്തന്നൂർ മൈലക്കാട് ദേശീയ പാത ഇടിഞ്ഞുതാഴ്ന്ന സംഭവമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. നിർമ്മാണത്തിൽ വലിയ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പപ്പടം പൊടിയുന്നത് പോലെ റോഡുകൾ തകരുകയാണ്. അഴിമതി മൂടിവെയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എങ്ങനെയെങ്കിലും റോഡ് ഉദ്ഘാടനം ചെയ്യുക എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉദ്ദേശം. ദേശീയപാത അതോറിട്ടിയാണ് നിർമ്മാണം നടത്തുന്നതെങ്കിലും അപാകത ചൂണ്ടിക്കാട്ടാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കെ.സി മാദ്ധ്യമങ്ങളോട് പറഞ്ഞു.