പീഡനക്കേസ് : ഒത്തുതീർപ്പ് സാദ്ധ്യത തേടി സുപ്രീംകോടതി

Saturday 06 December 2025 1:38 AM IST

ന്യൂഡൽഹി: കൊച്ചി ഇൻഫോ പാർക്കിലെ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒയും വ്യവസായിയുമായ വേണു ഗോപാലകൃഷ്‌ണനെതിരായ പീഡനക്കേസിൽ ഒത്തുതീർപ്പിന്റെ സാദ്ധ്യത തേടി സുപ്രീംകോടതി. വേണു ഗോപാലകൃഷ്‌ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്.

കേസിന്റെ വസ്‌തുതകൾ കണക്കിലെടുത്തും, കക്ഷികളുടെ താത്പര്യാർത്ഥവുമാണ് നിലപാടെന്ന് കോടതി വ്യക്തമാക്കി. ഒത്തുതീർപ്പിന്റെ സാദ്ധ്യത പരിശോധിക്കാൻ സുപ്രീംകോടതിയുടെ മീഡിയേഷൻ സെന്ററിലേക്ക് വിട്ടു. വേണു ഗോപാലകൃഷ്‌ണനും ഇരയും അടക്കം കക്ഷികൾ 2026 ജനുവരി 7ന് സെന്ററിൽ നേരിട്ടോ, വീഡിയോ കോൺഫറൻസ് മുഖേനയോ ഹാജരാകണം. മീഡിയേറ്ററുടെ റിപ്പോർട്ടും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് തേടി. ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും. അതുവരെ വേണു ഗോപാലകൃഷ്‌ണന്റെ ഇടക്കാല ജാമ്യം തുടരും. ഇന്നലെ സംസ്ഥാന സർക്കാരിന്റെയും ഇരയുടെയും പ്രതിയുടെയും അഭിഭാഷകരുടെ വാദം കോടതി കേട്ടു.

,ലൈംഗിക അതിക്രമം എതിർത്തതോടെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് വേണുവിനെതിരെ ജീവനക്കാരി രംഗത്തെത്തുകയായിരുന്നു. കൊച്ചിയിലെ സ്ഥാപനത്തിനുള്ളിൽ പീഡനത്തിനിരയായെന്നാണ് പരാതി. ഹണിട്രാപ്പിലൂടെ 30 കോടി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് വ്യവസായി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരിക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുവതിയുടെ ഗുരുതര വെളിപ്പെടുത്തൽ.