കൈയെത്തും ദൂരെ രാഹുൽ : ലക്ഷ്യം 'ഇലക്ഷൻ ബോംബിംഗ് '

Saturday 06 December 2025 1:46 AM IST

തിരുവനന്തപുരം: സർവസന്നാഹങ്ങളുമായി പത്തുദിവസമായി പിന്നാലെ പാഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിടികൂടാനാവാത്തത് പൊലീസിന് നാണക്കേടായി. ഇലക്ഷൻ ബോംബായി രാഹുലിന്റെ അറസ്റ്റ് വച്ചുതാമസിപ്പിക്കുകയാണെന്ന ആക്ഷേപം കോൺഗ്രസ് അടക്കം ഉയർത്തുന്നുണ്ട്.

ഇടയ്ക്കിടെ മണിക്കൂറുകളോളം രാഹുലിന്റെ ഫോൺ ഓണാവുന്നുണ്ട്. ലൊക്കേഷൻ കൃത്യമായി പൊലീസ് മനസിലാക്കിയിട്ടുമുണ്ട്. രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് പിടികൂടിയിരുന്ന പാലക്കാട് ഓഫീസിലെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ഇന്നലെ വിട്ടയയ്ക്കുകയും ചെയ്തു.

തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിന് മൂന്ന് ദിവസമേയുള്ളൂ. ഇലക്ഷൻ കഴിയുന്നതുവരെെ ശബരിമലയിലെ സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമെന്നും വിലയിരുത്തലുണ്ട്.

ടവർ ലൊക്കേഷൻ ലഭിച്ചാൽ ഒളിയിടം കണ്ടെത്താനുള്ള വൈദഗ്ദ്ധ്യം സൈബർസെല്ലിനുണ്ട്. രാഹുലിനെ പിടിക്കാനായി നാലു പ്രത്യേക സംഘങ്ങളുണ്ട്. ഇവർ തമിഴ്നാട്ടിലും കർണാടകയിലും അരിച്ചുപെറുക്കുകയാണ്.

മുൻകൂർജാമ്യം തള്ളിയതിന് പിന്നാലെ വ്യാഴാഴ്ച അരമണിക്കൂറിലേറെ ഫോൺ ഓണായിരുന്നു. മംഗലാപുരത്തിനടുത്ത് സുള്ളിയ ആയിരുന്നു ലൊക്കേഷൻ. അന്വേഷണം വഴിതെറ്റിക്കാൻ മറ്റാർക്കെങ്കിലും ഫോൺ നൽകിയശേഷം ഒളിയിടങ്ങൾ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് നിഗമനം. ഹൈക്കോടതി മുൻകൂ‌ർജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുംവരെ ഒളിവിലായിരിക്കുമെന്നും കരുതുന്നു.

ബംഗളൂരുവിലെ അഭിഭാഷകയും റിയൽഎസ്റ്റേറ്റ് ഇടപാടുകാരനുമാണ് സംരക്ഷണമൊരുക്കുന്നതെന്നാണ് സൂചന. ബംഗളൂരുവിലെ ഒളിയിടത്ത് പൊലീസെത്തുന്നതിന് മുമ്പ് രക്ഷപെട്ടെന്നും പറയുന്നു. ബന്ധപ്പെടാൻ സാദ്ധ്യതയുള്ള നൂറിലേറെപ്പേരുടെ ഫോൺ നിരീക്ഷണത്തിലാണ്. തമിഴ്നാട്-കർണാടക അതിർത്തിയായ ഹൊസൂരിലെത്തിയതായി ഇങ്ങനെയാണ് കണ്ടെത്തിയത്.

ബംഗളൂരു നഗരത്തിന് പുറത്തുള്ള ആഡംബരവില്ലയിൽ രണ്ടു ദിവസമുണ്ടായിരുന്നെന്നും റിസോർട്ടിൽ ഒരുദിവസം താമസിച്ചെന്നുമൊക്കെ വിവരംകിട്ടി. വാഹനവും ഫോണുമെത്തിക്കുന്നത് റിയൽഎസ്റ്റേറ്റുകാരാണെന്നും വിവരമുണ്ട്. പണവും വാഹനവുമടക്കം സഹായം കിട്ടുന്ന വഴികളടയ്ക്കാനാണ് ശ്രമം. സഹായിച്ച ഏതാനുംപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിട്ടുണ്ട്.

ഹോസ്ദുർഗ്ഗിലെ കളി

നാണക്കേടായി

ഹോസ്ദുർഗ്ഗ്കോടതിയിൽ കീഴടങ്ങുമെന്ന് അഭിഭാഷകനിൽ നിന്നുള്ള വിവരമനുസരിച്ച് അവിടെയൊരുക്കിയ പൊലീസ് സന്നാഹം നാണക്കേടായെന്നാണ് എസ്.ഐ.ടി പറയുന്നത്. മജിസ്ട്രേറ്റ് രാത്രി എട്ടു വരെ കോടതിയിൽ തുടർന്നത് പൊലീസ് ആവശ്യപ്രകാരമായിരുന്നു. കസ്റ്റഡിയിലുണ്ടെന്ന പ്രചാരണവും പൊലീസ് നടത്തിയിരുന്നു. കോടതി പരിസരത്ത് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയുടെയും ബി.ജെ.പിയുടെയും പ്രവർത്തകരുമെത്തിയിരുന്നു. ലഭിച്ചത് തെറ്റായ വിവരമെന്ന് തുറന്നുപറഞ്ഞാണ് എസ്.പി വിജയ് ഭാരത് റെഡ്ഢി തലയൂരിയത്. അതിർത്തി ജില്ലകളിലെ കോടതികളിൽ പൊലീസ് നിരീക്ഷണമുണ്ട്. കീഴടങ്ങാനെത്തിയാൽ പിടികൂടാനും നിർദ്ദേശമുണ്ടെന്നറിയുന്നു.